പുലിയാക്രമണത്തിൽ നിന്ന് വീട്ടമ്മമാരെ രക്ഷിച്ച് വളർത്തുനായ്ക്കൾ...
മുംബൈ∙ നായ്ക്കൾ പുലികൾ ആയപ്പോൾ, പുലികൾ എലികളായി; അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ട് മനുഷ്യജീവിതങ്ങൾ. മുംബൈയിലാണ് ഓമന പട്ടികളുടെ ധൈര്യത്തിൽ രണ്ട് സ്ത്രീകൾക്കു ജീവൻ തിരികെക്കിട്ടിയത്. കഴിഞ്ഞ ദിവസമാണു സംഭവം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: നവരാത്രി ആഘോഷത്തിനായി കുടുംബാംഗങ്ങൾ പുറത്തുപോയ സമയം. ആരേ കോളനിയിലെ വീട്ടിൽ അൻപതുകാരി ഭയ്യാജി ബീംറാവു ബെന്ദ്രെ എന്ന സ്ത്രീ മാത്രമാണുണ്ടായിരുന്നത്. കൂട്ടിനുള്ളത് രണ്ട് വളർത്തുപട്ടികളും. രാത്രിയിൽ പ്രത്യക്ഷപ്പെട്ട രണ്ട് പുള്ളിപ്പുലികൾ ബെന്ദ്രെയെ ആക്രമിച്ചു. ഇവരുടെ കരച്ചിൽ കേട്ടെത്തിയ വളർത്തുപട്ടികൾ പുലികളെ കാര്യമായി നേരിട്ടു.ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരി ആശ ഗാവിറ്റിനെയും (55) പുലികൾ ആക്രമിച്ചു. എന്നാൽ വളർത്തുപട്ടികൾ കുരച്ചുചാടി പുലികളെ അകറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. 15 മിനിറ്റോളം പുലികളും പട്ടികളും തമ്മിലുള്ള പോരാട്ടം നീണ്ടു. പതിയെ പുലികൾ പിന്മാറി. രണ്ട് സ്ത്രീകളുടെയും കാലുകളിലാണു സാരമായ പരുക്കേറ്റത്. ബെന്ദ്രെയുടെ വലതു കയ്യിലും പരുക്കുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. l