എസ്‌ബിഐ 63 വന്‍ കമ്പനികളുടെ 7016 കോടി വായ്‌പ എഴുതി തള്ളുന്നു, കിട്ടാക്കടമായി തള്ളുന്നവയില്‍ കിംഗ് ഫിഷറിന്റെ 1201 കോടി രൂപയും

person access_timeNovember 16, 2016

ന്യൂഡല്‍ഹി : രാജ്യത്തെ പ്രധാന പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌‌ഐ) 7016 കോടി രൂപയുടെ വായ്പ എഴുതി തള്ളാന്‍ തീരുമാനിച്ചു. രാജ്യത്തെ വന്‍കിട കമ്പനികളായ 63 സ്ഥാപനങ്ങളുടെ വായ്പയാണ് മനപൂര്‍വം തിരിച്ചടിവിന് വീഴ്ച വരുത്തിയതിനാല്‍ എസ്ബിഐ എഴുതി തള്ളാന്‍ തീരുമാനിച്ചത്.

60 കമ്പനികളുടെ വായ്പ പൂര്‍ണ്ണമായും 31 കമ്പനികളുടെ ഭാഗികമായുമാണ് എഴുതി തള്ളുക. ആറ് എണ്ണം പ്രവര്‍ത്തനരഹിതമായ ആസ്തി വിഭാഗത്തിലേക്കുമാണ് എഴുതി തള്ളുക. ജൂണ്‍ 31 ന് 48,000 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയതിന് പിന്നാലെയാണ് എസ്ബിഐയുടെ നടപടി. രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടും  തടയാനായി കേന്ദ്രസര്‍ക്കാര്‍ 500,1000 നോട്ടുകള്‍ പിന്‍വലിച്ച് ഒരാഴ്ച തികയും മുന്‍പാണ് എസ്‌ബിഐയുടെ പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്.

കിട്ടാക്കടമായി എഴുതി തള്ളുന്നവയില്‍ വിജയ്മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ വിമാനക്കമ്പനിയുടെ 1201 കോടി രൂപയും ഉള്‍പെടും. കിംഗ് ഫിഷറിനെ കൂടാതെ കെ എസ് ഓയില്‍-596 കോടി, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍- 526 കോടി, ജിഇടി എന്‍ജീനിയറിങ്ങ് കണ്‍സ്ട്രക്ഷന്‍- 400 കോടി, സെയില്‍ ഇന്‍ഫോ സിസ്റ്റം- 376 കോടി, വിഎംസി സിസ്റ്റം- 370 കോടി, എഗ്നൈറ്റ് എഡ്യൂക്കേഷന്‍ ലിമിറ്റഡ്- 315 കോടി, ശ്രീ ഗണേഷ് ജ്വലറി- 313 കോടി, അപെക്സ് എന്‍കോണ്‍ പ്രൊജക്ട്്സ്- 266 കോടി, യൂറോ സെറാമിക്സ്-266 കോടി രൂപ എന്നിങ്ങനെയാണ് വായ്പ എഴുതി തള്ളുന്ന മറ്റ് കമ്പനികള്‍.

ബാങ്കുകളുടെ തിരിച്ചടവ് മുടക്കിയതിന് എന്‍ഫോഴ്സ്മെന്റ് നടപടി നേരിടുന്ന വിജയ് മല്യയെ കഴിഞ്ഞ ദിവസം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വായ് എഴുതി തള്ളാന്‍ എസ്‌ബിഐ തീരുമാനിച്ചത്.