രൂപയുടെ പതനം തുടരുന്നു

person access_timeNovember 24, 2016

രൂപയുടെ പതനം തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടരുന്നു. ഡോളറുമായുള്ള വിനിമയമൂല്ല്യത്തില്‍ ഇന്നലെ 27 പൈസയാണ് രൂപയ്ക്ക് ഇടിവ് സംഭവിച്ചത്. 9 മാസത്തിനിടയ്ക്ക് സംഭവിച്ച ഏറ്റവും വലിയ ഇടിവാണിത്. ഡോളര്‍-രൂപ വിനിമയമൂല്ല്യം ഇപ്പോള്‍ 68.83 ആണ്.

ഇറക്കുമതി മേഖലയില്‍ ഡോളറിനുള്ള ആവശ്യം ഉയര്‍ന്നതും, വിദേശഫണ്ടുകളുടെ രാജ്യത്തിന് പുറത്തേക്കുള്ള ഒഴുക്ക് തുടരുന്നതും, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്കുകളില്‍ വര്‍ദ്ധന വരുമെന്ന അഭ്യൂഹം മൂലം ഡോളര്‍ ശക്തമായി തുടരുന്നതുമാണ് രൂപയുടെ മൂല്ല്യം ഇടിയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ 2.92 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. 500, 1000 കറന്‍സികള്‍ അസാധുവാക്കിയതിന് പിന്നാലെ വിദേശ നിക്ഷേപകര്‍ തങ്ങളുടെ ഫണ്ടുകള്‍ ഇന്ത്യയ്ക്ക് വെളിയിലേക്ക് പിന്‍വലിക്കുന്നതും ഈ തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. യുഎസ് ബോണ്ടുകളുടെ വിനിമയം വര്‍ദ്ധിച്ചതും വിദേശത്ത് ഡോളറിനുണ്ടായ ഉണര്‍വ്വും രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.