പുലിമുരുകൻ ഇന്റർനെറ്റിൽ; അഞ്ചു പേർ അറസ്റ്റിൽ

person access_timeNovember 11, 2016

തിരുവനന്തപുരം∙ പുലിമുരുകൻ സിനിമ ഇന്റർനെറ്റിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെൽ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ അഞ്ചുപേർ പിടിയിലായി. ആന്റിപൈറസി സെൽ പൊലീസ് സൂപ്രണ്ട് പി.ബി.രാജീവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.

മലപ്പുറം പെരിന്തൽമണ്ണയിൽ നെറ്റ്പോയിന്റ്് ഇന്റർനെറ്റ് കട ഉടമ ഫാസിൽ, കുന്നംപള്ളി മൊബൈൽ വേൾഡ് കട ഉടമ ഷെഫീക്ക് തരീക്ക്, മലപ്പുറം മങ്കട വി.എച്ച്.എം. ഇന്റർനെറ്റ് കട ഉടമ കോട്ടയ്ക്കൽ സ്വദേശി നൗഷീർ, സെൻട്രൽ മൊബൈൽ ഷോപ്പ് ഉടമ ഷഫീക്ക് പുല്ലാറ, പാലക്കാട് വാളയാർ സൗത്ത് വൈറ്റ് പാർക്ക് കട ഉടമ ചുള്ളിമാട് നജീമുദ്ദീൻ എന്നിവരാണു പിടിയിലായത്.

ഡിവൈഎസ്പി: എം.ഇക്ബാൽ, സിഐ: സുഭാഷ് ചന്ദ്രബോസ്, എസ്ഐ മുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ആന്റി പൈറസി സെൽ സൂപ്രണ്ട് പി.ബി. രാജീവ് അറിയിച്ചു. പുലിമുരുകന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ പരാതിയെ തുടർന്നായിരുന്നു റെയ്ഡ്.