ഖത്തറില്‍ രണ്ട് ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവത്തില്‍ അംബാസിഡറോട് റിപ്പോര്‍ട്ട് ആവശ്യപെട്ടതായി മന്ത്രി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ഖത്തറില്‍ രണ്ട് ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവത്തില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറോട് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് ആവശ്യപെട്ടു .
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തറിലെ ജയിലില്‍ കഴിയുന്ന സുബ്രഹ്മണ്യന്‍ അളഗപ്പ, ചെല്ലദുരൈ പെരുമാള്‍ എന്നീ രണ്ട് ഇന്ത്യക്കാരെ രക്ഷപെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ആള്‍ക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇരു വൃക്കകളും മാറ്റിവച്ചുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന്‍ വിശ്രമത്തിലാണ് മന്ത്രി ഇപ്പോള്‍ . ആശുപത്രി കിടക്കയിലും വകുപ്പുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളിലും അവര്‍ നേരിട്ട് ഇടപെടല്‍ നടത്തിയിരുന്നു .
തമിഴ്‌നാട്ടിലെ എംഎല്‍എ ആയ എച്ച്. വസന്തകുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഖത്തര്‍ സുപ്രീം കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ശിവകുമാര്‍ അര്‍ജുനന്‍ എന്നയാള്‍ക്ക് ലഭിച്ച വധശിക്ഷ പിന്നീട് കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.
ഖത്തറില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പേരെയും മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വ്യക്തമാക്കിയിരുന്നു.