പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു
മുംബൈ : പ്രശസ്ത നടനും നാടകപ്രവര്‍ത്തകനുമായിരുന്ന ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം.
തന്റെ ചുറ്റുപാടുകളോട് സജീവമായി സംവദിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ ഹൃദയമുള്ള കലാകാരനായിരുന്നു അദ്ദേഹം. ചലച്ചിത്ര നടന്‍ എന്ന നിലയില്‍ ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന ഓംപുരിയുടെ അഭിനയത്തിന്റെ കളരി നാടകമായിരുന്നു. എന്നും നാടകത്തെ പ്രണയിച്ചിരുന്ന, നാടകത്തിന്റെ ലഹരിയില്‍ അഭിരമിച്ചിരുന്ന കലാകാരനായിരുന്നു അദ്ദേഹം.
പഞ്ചാബി നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലൂടെ അഭിനയത്തില്‍ തഴക്കവും പഴക്കവും നേടി. സ്വഭാവ നടനെന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റ പാത നാടകങ്ങളാണ് ഒരുക്കിക്കൊടുത്തത്.
ഹിന്ദി സിനിമയില്‍ നവതരംഗം സൃഷ്ടിച്ച സിനിമകള്‍ക്ക് ഊര്‍ജ്ജമായ സിനിമാ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1970-80 കാലത്ത് സജീവമായ സമാന്തര സിനിമാ ധാരയെ സജീവമാക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്. അമോല്‍ പലേക്കര്‍, ശബാന ആസ്മി, സ്മിതാ പാട്ടീല്‍, നസറുദ്ദീന്‍ ഷാ, ഫാറൂഖ് ഷെയ്ക്ക് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സമാന്തര സിനിമയില്‍ അദ്ദേഹം നിറഞ്ഞുനിന്നു.
ഇന്ത്യയിലെ മറ്റു ഭാഷകളിലെയും നവതരംഗത്തിന് ഊര്‍ജ്ജം പകരാന്‍ ഇവരുടെ ചിത്രങ്ങള്‍ക്കായി. ആക്രോശ്, അര്‍ധസത്യ, ദ്രോഹ്കാല്‍, മാച്ചിസ്, ഗിദ്ദ്, മിര്‍ച്ച് മസാല തുടങ്ങിയ ചിത്രങ്ങള്‍ ഓം പുരിയുടെ അതുല്യ പ്രകടനം കൊണ്ട് അവിസ്മരണീയങ്ങളാണ്.