നിക്കോണിന്റെ പുതിയ ഡി 5600

person access_timeMarch 02, 2017

നിക്കോണിന്റെ മധ്യനിര ശ്രേണിയിലെ പുതിയ ഡി.എസ്‌.എൽ.ആർ രാജ്യത്തെ ക്യാമറ വിപണിയിലെത്തി. മിറർലെസ്സ് കാമറയുടെ വലിപ്പവും ഡി.എസ്‌.എൽ.ആറിന്റെ വഴക്കവും സമന്വയിപ്പിച്ചു കൊണ്ട് ഫോട്ടോഗ്രാഫി പ്രേമികളുടെ കൈകളിലെത്തുന്ന പുതിയ നിക്കോൺ ക്യാമറ ഏവരുടെയും മനം കവരും. മധ്യനിര ഡി.എസ്‌.എൽ.ആർ വിപണിയിൽ കരുത്തുറ്റ സാന്നിധ്യമാകാൻ നിക്കോണിന്റെ പുതിയ ഡി 5600 യ്ക്ക് കഴിയും എന്നതിൽ സംശയമില്ല. ഒപ്റ്റിക്കൽ ലോ പാസ് ഫിൽറ്റർ (OLPF) ഇല്ലാതെ വിപണിയിലെത്തിയ ക്യാമറ മികച്ച ഷാർപ്പ് സ്റ്റിൽ ഫോട്ടോകളാണ് സമ്മാനിക്കുന്നത്.


24 .2 മെഗാപിക്സൽ പരമാവധി റെസലൂഷൻ നൽകുന്ന 23.5 എം എം × 15.6 എംഎം ക്രോപ്പ് സിമോസ് സെൻസർ പിടിപ്പിച്ചെത്തുന്ന ക്യാമറ എക്സ്പീഡ് 4 ഇമേജ് പ്രോസസറിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അതിവേഗ ഓട്ടോഫോക്കസിംഗ് സാധ്യമാക്കുന്ന പി-സീരീസ് കിറ്റ് ലെൻസുകൾക്കൊപ്പം എത്തുന്ന ഡി 5600 വ്യത്യസ്തമായ ഡി.എസ്‌.എൽ.ആർ ഫോട്ടോഗ്രാഫി അനുഭവമാണ് സമ്മാനിക്കുന്നത്. തുടർച്ചയായ ഷൂട്ടിങ്ങിൽ 5 എഫ്.പി.എസ് വേഗതയിൽ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറയിൽ 39 എ.എഫ് പോയിന്റുകൾ ഉൾപ്പെടുത്തിട്ടുണ്ട്. 25600 വരെ ഐ എസ് ഒ മൂല്യം സാധ്യമാകുന്ന ക്യാമറയിൽ 60പി എഫ്.പി.എസിൽ വരെയുള്ള ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരണം സാധ്യമാണ്.

പ്രത്യേകതകൾ
തൊട്ടു മുൻപേ വിപണിയിലെത്തിയ ഡി 5500 യിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒട്ടേറെ പ്രത്യേകതകളോടെയാണ് ഡി 5600 വിപണിയിലെത്തിയിരിക്കുന്നത്. ടൈം ലാപ്സ് മൂവീ റിക്കോർഡിങ് സൗകര്യം സാധ്യമാകുന്ന ഈ ക്യാമറ വീഡിയോഗ്രാഫിയിൽ ഒരു ഇടം അടയാളപ്പെടുത്താൻ വേണ്ടിയുള്ള നിക്കോണിന്റെ ഒരു ശ്രമമായി പരിഗണിക്കാം. ഈ ശ്രേണിയിലെ മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്തമായി ഭാരവും വലിപ്പവും താരതമ്യേന കുറഞ്ഞതാണ് പുതിയ മോഡൽ. ഡി 5500യുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ഗ്രിപ്പോടെ ​കൈയിൽ ഒതുക്കാവുന്ന ഈ ക്യാമറ കൈകാര്യം ചെയ്യാനും വളരെ എളുപ്പമാണ്. ടച് സ്ക്രീൻ പ്രത്യേകതയുള്ള, തിരിയ്ക്കാവുന്ന 8 .1 സെ.മി എൽ.സി.ഡി വ്യൂ ഫൈൻഡർ മുൻ മോഡലുകളെ അപേക്ഷിച്ച് മികച്ചതാണ്.

പുതിയ ലെൻസുകൾ
'എഎഫ് -പി' ശ്രേണിയിലുള്ള നിക്കോർ ലെൻസുകളുമായാണ് ഡി 5600 വിപണിയിലെത്തുന്നത്. 18-55, 70-300 എന്നീ രണ്ടു എഎഫ് -പി ഡിഎക്സ് ലെൻസുകളാണ് ഈ ക്യാമറയ്‌ക്കൊപ്പം റിവ്യൂവിന് ലഭിച്ചത്. എഎഫ് -എസ് 18-140 എംഎം ലെൻസും കോമ്പോ ആയി ഈ ക്യാമറയ്‌ക്കൊപ്പം ലഭ്യമാണ്. കുറഞ്ഞ ഭാരവും അതിവേഗ ഓട്ടോ ഫോക്കസിംഗും സാധ്യമാകുന്ന എഎഫ് -പി ലെൻസ് മിഴിവേറിയ ദൃശ്യങ്ങളാണ് സമ്മാനിച്ചത്. ഓട്ടോ ഫോക്കസ്/മാനുവൽ, വി.ആർ ഓൺ -ഓഫ്‌ ടോഗിൾ സ്വിച്ചുകൾ ദൃശ്യമല്ലാത്ത ഈ ലെൻസുകൾക്കുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പർ ഡ്രൈവ് ശബ്ദരഹിത ഫോക്കസിംഗ് വാഗ്‌ദാനം ചെയ്യുന്നു.

ഇമേജ് ക്വാളിറ്റി
റിവ്യൂവിന് വേണ്ടി ലഭിച്ച ക്യാമറ ഉപയോഗിച്ച് പകർത്തിയ ഏതാനും ചിത്രങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാം . മികച്ച ഡൈനാമിക് റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന ക്യാമറയിൽ എച്ച്.ഡി.ആർ ചിത്രങ്ങളും പകർത്താനാകും. വ്യത്യസ്ത എക്സ്പോഷറിലുള്ള രണ്ടു ചിത്രങ്ങൾ പകർത്തിയ ശേഷം അവയെ ഒരുമിപ്പിച്ച് എച്ച്.ഡി.ആർ ഔട്പുട്ട് നൽകുന്നതിനാൽ ട്രൈപോഡ് വച്ച് ഇത്തരം ചിത്രങ്ങൾ പകർത്തുന്നതാകും ഉചിതം. ഫ്‌ളാഷ് സഹായത്താൽ മികച്ച നൈറ്റ് പോർട്രെയ്റ്റ് പകർത്തുന്നതിന് ഈ ക്യാമറ പ്രയോജനപ്രദമാണെന്ന് ഞങ്ങൾ പകർത്തിയ പരീക്ഷണ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. 60പി /50പി /30പി /25പി /24പി എന്നീ എഫ്.പി.എസ് മോഡുകളിൽ വീഡിയോ പകർത്താൻ സഹായിക്കുന്ന ക്യാമറയുടെ ടച്ച് സ്‌ക്രീൻ വ്യൂ ഫൈൻഡറിൽ നിന്നും ഫോക്കസ് സെലക്ട് ചെയ്യാനും അവസരമുണ്ട്.


വില
മികച്ച സൗകര്യങ്ങളുള്ള ഈ നിക്കോൺ മധ്യനിര ഡി.എസ്.എൽ.ആറിന്റെ വില അത്ര കൂടുതലല്ല എന്ന് വേണം വിലയിരുത്താൻ. ഡി 56,00 യുടെ ബോഡി മാത്രം 46,500 രൂപയ്ക്ക് ലഭിക്കുമ്പോൾ ബോഡിയും എഎഫ് -പിഡിഎക്സ് 18 -55 എം എം ലെൻസും ചേർത്ത് 51,500 രൂപയ്ക്കും ബോഡിയ്ക്കൊപ്പം എഎഫ് -എസ്; ഡിഎക്സ് 18 -140 എം എം ലെൻസുമായി 62,500 രൂപയ്ക്കും ബോഡിയും 18 -55 എം എം, 70 -300 എം എം എന്നീ പി- സീരീസ് (എഎഫ് -പി;ഡിഎക്സ്) ലെൻസുകളും ചേർത്ത് 60,500 രൂപയ്ക്ക്കും വാങ്ങാൻ കഴിയും.