കേരളകുണ്ട്: പശ്ചിമഘട്ടം എന്ന അത്ഭുതകോട്ടയില്‍ പ്രകൃതി പണിത നീന്തല്‍ക്കുളം!

person access_timeNovember 03, 2016

മലപ്പുറം ജില്ലയില്‍ക്കൂടി കടന്നുപോകുന്ന പശ്ചിമഘട്ടത്തിന്‍റെ സൈലന്‍റ് വാലി പ്രദേശത്ത് കരുവാരക്കുണ്ട് എന്ന കൊച്ചുഗ്രാമത്തിനു സമീപമാണ് കേരളകുണ്ട് വെള്ളച്ചാട്ടം. കല്‍ക്കുണ്ട് വെള്ളച്ചാട്ടം എന്നും കരുവാരക്കുണ്ട് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഈ ജലപാതത്തിന്‍റെ പതനപ്രദേശത്ത് പ്രകൃതി തന്നെ ഒരു നീന്തല്‍ക്കുളം ഒരുക്കിയിരിക്കുന്നു. കേരളത്തിന്‍റെ വിനോദയാത്രാ ഭൂപടത്തില്‍ ഒരു "ഹോട്ട് സ്പോട്ട്" പദവിയിലേക്ക് ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും നാള്‍ക്കുനാള്‍ ഇങ്ങോട്ടുള്ള വിനോദയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നത്.

ശാസ്ത്രീയപഠനങ്ങളിലൂടെ തെളിഞ്ഞത് കേരളകുണ്ട് വെള്ളച്ചാട്ടവും, പതനപ്രദേശത്തെ വൃത്താകൃതിയിലുള്ള കുളവും നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഉണ്ടായതാണ് എന്നാണ്. കേരളകുണ്ട് വെള്ളച്ചാട്ടത്തിന്‍റെ സമീപത്തുള്ള മറ്റ് ആകര്‍ഷണങ്ങളാണ് ചെറമ്പ് ഇക്കോ വില്ലേജ്, ഇക്കോ വില്ലേജിനോടനുബന്ധിച്ച് ഒഴുകുന്ന മനോഹരനദികള്‍, അയ്യപ്പന്‍കാവ് പ്രദേശത്തുള്ള പുരാതനക്ഷേത്രങ്ങള്‍, ഹൈദരാബാദി വിശുദ്ധന്‍റെ പേരിലുള്ള തരീഖത്ത് ദര്‍ഗ, ബറോഡ വെള്ളച്ചാട്ടം, മറ്റ് ട്രക്കിംഗ് അനുയോജ്യ പാതകള്‍ തുടങ്ങിയവ.

കരുവാരക്കുണ്ടിന് അടുത്തുള്ള പ്രധാന പട്ടണങ്ങള്‍ മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവയാണ്. സംസ്ഥാനപാത-39ന്‍റെ പെരുമ്പിലാവ്-നിലമ്പൂര്‍ ഭാഗം കരുവാരക്കുണ്ടിലൂടെയാണ് കടന്നുപോകുന്നത്. പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയും കരുവാരക്കുണ്ടില്‍ നിന്നും എളുപ്പം എത്തിച്ചേരാവുന്ന അകലത്തിലാണ്. കോഴിക്കോടാണ് ഏറ്റവും അടുത്ത വിമാനത്താവളം. തുവ്വൂര്‍, മേലത്തൂര്‍ റെയില്‍വേസ്റ്റെഷനുകളും കരുവാരക്കുണ്ടിന് അടുത്താണ്.

കേരളത്തിനലെ മണ്‍സൂണ്‍ മഴയുടെ സമയമാണ് കേരളകുണ്ട് വെള്ളച്ചാട്ടം സന്ദര്‍ശിച്ച് അവിടെ പ്രകൃതി തീര്‍ത്തിരിക്കുന്ന നീന്തല്‍ക്കുളത്തില്‍ നീരാടാന്‍ ഏറ്റവും അനുയോജ്യമായ സമയം. കനത്ത മഴയുള്ള ദിവസങ്ങളില്‍ വെള്ളച്ചാട്ടത്തിന്‍റെ കരുത്ത് നന്നായി കൂടുമെന്നതിനാല്‍, അത്തരം ദിവസങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. മിതമായ മണ്‍സൂണ്‍ പെയ്ത്തുള്ള ദിവസങ്ങളില്‍ കേരളകുണ്ട് സ്വര്‍ഗ്ഗീയ സൗന്ദര്യം അണിഞ്ഞാകും പതഞ്ഞൊഴുകി പതിക്കുന്നത്. യാത്രസ്നേഹികള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് അത്.