ദേശീയ സ്‌കൂള്‍ മീറ്റില്‍ 11 സ്വർണവുമായി കേരളത്തിന് കിരീടം
ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ ഇരുപതാം കിരീടം. 11 സ്വർണവും 12 വെള്ളിയും ഏഴു വെങ്കലവുമുൾപ്പെടെ 112 പോയിന്റു നേടിയാണ് കേരളത്തിന്റെ കിരീടധാരണം. 56 പോയിന്റുള്ള തമിഴ്നാടിനാണ് രണ്ടാം സ്ഥാനം.
1500, 3000 മീറ്ററിൽ സ്വർണം നേടിയ കേരളാ ക്യാപ്റ്റൻ കൂടിയായ സി.ബബിതയുടെയും 800, 400 മീറ്ററുകളിൽ ദേശീയ റെക്കോർഡോടെ ഇരട്ടസ്വർണം നേടിയ അബിത മേരി മാനുവലിന്റെയും മികവിലാണ് കേരളത്തിന്റെ വിജയക്കുതിപ്പ്.
അവസാന ദിനമായ ഇന്ന് ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മുഹമ്മദ് അജ്മലിന്റെ സ്വര്‍ണ നേട്ടത്തോടെയാണ് കേരളം മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സുഗത കുമാറിലൂടെ കേരളം വെങ്കലം നേടി. തുടര്‍ന്ന് 800 മീറ്ററില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്സിലെ അബിത മേരി മാനുവല്‍ സ്വര്‍ണം നേടി. രണ്ടു മിനിറ്റ് 8.53 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ അബിത റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്.