നാടുകാണി ഗൂഡല്ലൂർ

person access_timeMay 03, 2017

രാവിലെ ചായ കുടിച്ച് മുണ്ട് മടക്കി കുത്തി ക്യാമറയും തൂക്കി വണ്ടി വിട്ടു ഒറ്റക്കായിരുന്നു ...
നാടുകാണി ചുരത്തിന്റെ കാടൻ വഴികളിൽ ശുദ്ധവായുവിന് ഭംഗംവരുത്തി പാണ്ടി ലോറികളുടെയും മറ്റും ലൈനറിന്റെ കരിഞ്ഞ മണം.. ചുരത്തിന് മേൽക്കൂര കെട്ടിയ ഇല്ലിമുളങ്കാടുകൾ കീറി മുറിച്ച് ഇളവെയിൽ അസ്ത്രങ്ങൾ പതിക്കുന്നുണ്ട് മേലാകെ...
അങ്ങനെ ഗൂഡല്ലൂരിൽ എത്തി
ഗൂഡല്ലൂരൊക്കെ കോമഡിയല്ലെ ചേട്ടാ എന്നായിരുന്നു ഞാനും കരുതിയിരുന്നത് കാരണം ബാഗ്ലൂർ , ഊട്ടി യാത്രകളിൽ ഒരു ചായ കുടിക്കാൻ മാത്രമെ ഇവിടെ ഇറങ്ങാറുള്ളു...
പക്ഷെ നീലഗിരി കുന്നിന്റെ 2750 മീറ്റർ വരെയുള്ള ഉയരത്തിലുള്ള കടുപ്പമുള്ള ചായ സാമ്രാജ്യത്തിന്റെ ചൂരും മണവും ഭംഗിയും ഉണ്ട് ഈ തേയില പട്ടണത്തിന് .. ഡാർജലിങ്ങ് , അസം എന്നിവർക്കൊപ്പം ലോകത്ത് തന്നെ പ്രസിദ്ധമാണ് നീൽഗിരീസ്...
തളിരിട്ട് നിൽക്കുന്നതേയില കുന്നുകൾ കണ്ണിനും മനസിനും കുളിർമ നൽകും
പൊരിവെയിൽകാലത്തെ ചൂടേറ്റ് തളരാതിരിക്കാൻ ടീ ഗാർഡനിൽ shade tree നട്ടുപിടിപ്പിച്ചത് അവളെ കൂടുതൽ സുന്ദരിയാക്കുന്നു.
വില്ല്യം പ്ലാന്റേഷന്റെ അക്വോഷ്യ മരങ്ങൾക്കിടയിലൂടെ യാത്ര ചെയ്ത് ചെന്നതിയത് നീഡിൽ റോക്ക് വ്യൂ പോയിന്റ് കവാടത്തിലാണ്. സാധാരണ കാണുന്ന തിരക്ക് ഇന്നില്ല ... 5 രൂപ ടിക്കറ്റെടുത്ത് ക്യാമറക്ക് വല്ലതും കിട്ടുമോ എന്ന് പരതി വ്യൂ പോയന്റിലേക്ക് നടന്നു.. വഴിയുടെ ഒരു വശത്ത് പാറകെട്ടിനപ്പുറം നല്ലതാഴ്ച്ചയുള്ള കട്ടിങ്ങ് എഡ്ജാണ്...
കുന്നിന് മുകളിൽ ടൂറിസം വകുപ്പ് പണികഴിപ്പിച്ച വ്യൂ പോയിന്റ്.. അവിടെ നിന്നും അൽപം താഴോട്ട് ഇറങ്ങി വീണ്ടും കയറണം നീഡിൽ റോക്കിൽ എത്താൻ ഒരുവിതം പറ്റി പിടിച്ച് കയറി. തിരിഞ്ഞു നോക്കുമ്പോൾ വ്യൂ പോയിന്റിൽ ആരെയും കണ്ടില്ല ഉള്ളിലൊരു ചിന്ന ഭയം. 360 ഡിഗ്രി വ്യൂ ഉള്ള ഈ സൂചി പാറയ്ക്ക് മുകളിൽ നിന്നും ഗൂഡല്ലൂർ പട്ടണവും മുതുമല കടുവ സങ്കേതവും കാണാം.
പുൽൽകാടുകൾക്കിടയിൽ ആന പിണ്ഡി കാണപെട്ടു.. എങ്ങിനെ ആ ജീവി ഈ ചെങ്കുത്തായ കുന്ന് കയറുന്നു എന്നത് അതിശയമാണ്.
എന്നെ ചുറ്റി എന്തോ ഒരു പ്രാണി മൂളി പറക്കുന്നുണ്ട് , തുമ്പിയാണ് എന്ന് കരുതിയ എനിക്ക് തെറ്റി അവറ്റകളുടെ എണ്ണം കൂടി വരുന്നതും അത് തേനീച്ചയൊ കട്ന്നലോ ആണ് എന്നും ഞാനറിഞ്ഞു..
പിന്നെ അതികം നിന്നില്ല എങ്ങിനെ തിരിച്ച് ഇറങ്ങി എന്നെനിക്കറിയില്ല.. അതവാ കുത്താൻ തുടങ്ങിയാൽ ഒടാൻ പോലും കഴിയില്ല.. തിരിച്ച് വ്യൂ പോയന്റിലെത്തി ടെലസ്കോപിലൂടെ നോക്കിയപൊ കാര്യം പിടികിട്ടി ഉടുമ്പിനെപോലുള്ള രണ്ട് ജന്തുക്കൾ അവിടെ തൂങ്ങി കിടക്കുന്ന തേനീച്ച കൂടിനടുത്ത് കിടന്ന് കളിക്കുന്നുണ്ട്...
ഇവിടെ നിന്നും നോക്കിയാൽ തവള ഇരിക്കുന്നത് പോലെ തോന്നിക്കുന്ന കൂറ്റൻ 'ഫ്രോഗ് റോക്ക്' വ്യു പോയിന്റ് വ്യക്തമായി കാണാം. ഈ രണ്ട് വ്യൂ പോയിന്റ് കുന്നുകൾക്കിടയിലാണ് അക്വോഷ്യ മരങ്ങൾ പ്ലാന്റ് ചെയ്തിരിക്കുന്നത്
ഊർന്നിറങ്ങി ഓടിയതിന്റെ കിതപും നെഞ്ചിടിപ്പും മാറിയപൊൾ അവിടെ നിന്നും തിരിച്ചു..
പോവേണ്ട സ്ഥലങ്ങളെ കുറിച്ചൊന്നും വ്യക്തമായപ്ലാൻ ഇല്ലാത്തത് കൊണ്ട് തന്നെ മെയ്ൻ റോഡിൽ നിന്ന് കാണുന്ന പോക്കറ്റ് റോഡുകളിലൂടെയും ചെമ്മൺപാതകളിലൂടെയും ഒക്കെ എന്റെബൈക്കിന്റെ ചക്രം ഉരുണ്ടു..
എത്ര മനോഹരം ഈ തേയില കുന്നുകൾ. ആകെ ഒരു നിശബ്ദ്ദത. നിറയെ പല വർണ്ണങ്ങളിലുള്ള ചിത്രശലഭങ്ങളുണ്ടിവിടെ. വഴിയിൽ ഓന്തുകൾ തലപൊക്കി നോക്കുന്നുണ്ടായിരുന്നു.. ഹനുമാൻ കുരങ്ങ് സിംഹവാലൻ കുരങ്ങ് പേട മാനുകൾ ഒക്കെ ഈ കാടിന്റെ നാട്ടിൻപുറങ്ങിൽ കണ്ടു.
ഊടുവഴികളിലൂടെയുള്ള യാത്രകൾ അതികവും ചെന്നെത്തുന്നത് കർഷകഗ്രാമങ്ങളിലാണ്.. തേയിലക്ക് പുറമെ ഏലക്കായ, വാഴ തുടങ്ങിയ കൃഷികൾ ധാരാളമായി കണ്ടു.. അവിടെ കണ്ട ഒരു ചായ കടക്കാരൻ പറഞ്ഞത് കേട്ടപൊ കർഷകരുടെ കാര്യം കഷ്ട്ടമാണെന്ന് മനസിലായി.. വിളവെടുപ്പിന് പാകമായ വാഴതോപ്പുകൾ ആനകൾ ഒറ്റ രാത്രി കൊണ്ട് വെടിപ്പാക്കും പുലിശല്ല്യം പറയണ്ട, ശല്ല്യം കാരണം ആടുപോലുള്ള വളർത്തുമൃഗങ്ങളെ ഒഴിവാക്കാൻ ഫോറസ്റ്റ്കാർ കർശന നിർദ്ദേശം കൊടുത്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ കാട്ടുപോത്തുകകളെ കൊണ്ട് പകൽ പോലും വഴി നടക്കാൻ പറ്റാത്ത അവസ്ഥ... പന്നിയുടെ ശല്യം പിന്നെ പറയണ്ടതില്ലല്ലൊ..?
ഇതിനെതിരെ ഫലപ്രതമായ നടപടി അറിയാതെ ഫോറസ്റ്റ് കാരും കുഴയുന്നു...
ഒറ്റക്കായതുകൊണ്ട് പല വഴികളും ചുറ്റാൻ രണ്ടാമതൊരാളുടെ സമ്മതം വേണ്ടി വന്നില്ല..
അവസാനം ഗൂഡല്ലൂർ സുൽത്താൻ ബത്തേരി ഹൈവേയിലൂടെ ഒരു പിടുത്തം പിടിച്ചു പന്തല്ലൂരിനടുത്ത മാഗോഓറഞ്ച് എന്ന തേയില ഗ്രാമത്തിലെത്തി ഒരു ടീ എസ്റ്റേറ്റ്, ഫാക്ടറിയും തോട്ടങ്ങളിൽ അങ്ങിങ്ങായി തോട്ടം തൊഴിലാളികളുടെ കുടിൽകൂട്ടങ്ങളും കാണാം കാലികൾ മേയുന്ന മഞ്ഞിൽ പെതിഞ്ഞ ഒരു സുന്ദര ഗ്രാമം.. ഇവിടുത്തുകാരിൽ അതികവും തോട്ടം തൊഴിലാളികളാണ് ..
എലഫന്റ് അറ്റാക്ക്, ആനകൾ ഇവരുടെ പേടിസ്വപ്നമാണ് ഈ അടുത്ത കാലത്തായി രണ്ട് തോട്ടം തൊഴിലാളികളെ കാട്ടാനചവിട്ടി കൊന്നു പോലും. മാഗോഓറഞ്ചിന്റെ ഉൾവഴിലേക്കുള്ള യാത്രക്ക് ഫോറസ്റ്റുകാർ വിലങ്ങുതടിയായി തിരിച്ചയച്ചു.. ആന ഇറങ്ങുന്നതാണ് പ്രശ്നം... സന്ത്യയാവുമ്പോഴേക്ക് കോടമഞ്ഞിൽ കാഴ്ച്ചകൾ അവ്യക്തമായി തുടങ്ങി. ട്രാക്ടറുകൾ തേയില ചാക്കുകൾ നിറച്ച് വന്നുതുടങ്ങി. തൊഴിലാളികൾനുള്ളിയ തേയിലയുടെ തൂക്കം നോക്കുന്നുണ്ട്..
ഇളം പച്ച തളിരിന്റെ നിറവും, നല്ല സ്ട്രോങ്ങ് സുലൈമാനിയുടെ മണവുമായിരുന്നു എന്റെ യാത്രക്ക്
(കൊണ്ടോട്ടി (കിഴിശ്ശേരി)~ നിലമ്പൂർ ~വഴിക്കടവ് ~നാടുകാണി ഗൂഡല്ലൂർ ~ദേവാല~ പന്തല്ലൂർ~ മാഗോഓറഞ്ച്)