സൈലന്‍സ്: മാര്‍ട്ടിന്‍ സ്കോഴ്സെസെയുടെ സ്വപ്നസിനിമയുടെ ട്രെയിലര്‍ കാണാം

person access_timeNovember 23, 2016

"ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്, പക്ഷേ, ഞാന്‍ തകര്‍ന്നവനാണ്. നിശബ്ദതയുടെ മുന്‍പിലാണോ ഞാനീ പ്രാര്‍ത്ഥിക്കുന്നതു മുഴുവന്‍?," ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിന്‍റെ കഥാപാത്രം ഇങ്ങനെ ചോദിക്കുമ്പോള്‍ തന്നെ തന്‍റെ പുതിയ ചിത്രമായ സൈലന്‍സില്‍ മാര്‍ട്ടിന്‍ സ്കോഴ്സെസെ കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തിന്‍റെ ഗാംഭീര്യം വ്യക്തമാകുന്നു. വിശ്വാസത്തെയും അതിന്‍റെ നാനാവശങ്ങളേയും അനുതാപപൂര്‍ണ്ണതയോടേയും, വിമര്‍ശനാത്മകമായും തന്‍റെ മുന്‍ചിത്രങ്ങളില്‍ വിശകലനം ചെയ്തിട്ടുണ്ട് സ്കോഴ്സെസെ.

ഈ വര്‍ഷത്തെ അവാര്‍ഡ് സീസണില്‍ സജീവസാന്നിദ്ധ്യമാകാന്‍ സാധ്യതയുള്ള ചിത്രങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കാന്‍ തന്‍റെ എക്കാലത്തേയും വലിയ സ്വപ്നചിത്രവുമായി സ്കോഴ്സെസെ വരുന്നു. "സൈലന്‍സ്" എന്ന ഈ ചിത്രത്തിന്‍റെ സാക്ഷാത്കാരത്തിനായി സ്കോഴ്സെസെ പണിതുടങ്ങിയിട്ട് ഇരുപതിലേറെ വര്‍ഷങ്ങളായി.

17-ആം നൂറ്റാണ്ടില്‍ രണ്ട് പോര്‍ച്ചുഗീസ് ജെസ്യൂട്ട് പുരോഹിതന്മാര്‍ തങ്ങളുടെ ഗുരുതുല്യനായ പുരോഹിതനെത്തേടി ഫ്യൂഡലിസത്തിന്‍റെ കരാളഹസ്തങ്ങളിലമര്‍ന്നിരിക്കുന്ന ജപ്പാനിലേക്ക് യാത്ര തിരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഫാദര്‍ സെബാസ്റ്റ്യാവോ റോഡ്രിഗസായി ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡും, ഫാദര്‍ ഫ്രാന്‍സിസ്കോ ഗാര്‍പെയായി ആഡം ഡ്രൈവറും വേഷമിടുന്നു. 2002-ല്‍ പുറത്തിറങ്ങിയ "ഗാങ്ങ്സ് ഓഫ് ന്യൂയോര്‍ക്കിനു" ശേഷം സ്കോഴ്സെസെയും ലിയാം നീസണും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സൈലന്‍സിനുണ്ട്. ഫാദര്‍ ക്രിസ്റ്റോവോ ഫെരേരയായാണ് നീസണ്‍ സൈലന്‍സില്‍ പ്രത്യക്ഷപ്പെടുന്നത്. പാരാമൗണ്ട് പിക്ചേഴ്സ് വിതരണം ചെയ്യുന്ന സൈലന്‍സ് ഈ വര്‍ഷം ഡിസംബര്‍ 23-ന് തീയേറ്ററുകളിലെത്തും.

സൈലന്‍സിന്‍റെ ട്രെയിലര്‍ കാണാം: