സ്ത്രീകളുടെ കാഴ്ചപ്പാട് മാറിയതാണ് വിവാഹമോചനം വര്‍ധിക്കാന്‍ കാരണം: അനുഷ്‌ക ശര്‍മ

person access_timeDecember 14, 2016

രാജ്യത്ത് വിവാഹമോചനങ്ങള്‍ ഏറെ വര്‍ദ്ധിച്ചതായി ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ഇന്ന് ഓരോ സ്ത്രീകളുമാണ് അവരുടെ ജീവിതം എങ്ങനെയെന്ന് തീരുമാനിക്കുന്നത്. ഒരുപക്ഷേ അതായിരിക്കാം വിവാഹമോചനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കിയതെന്നും അനുഷ്‌ക പറയുന്നു.

സ്ത്രീകളുടെ കാഴ്ചപ്പാട് മാറി. ഇന്ന് മിക്ക സ്ത്രീകളും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്ന തോന്നലൊന്നും സ്ത്രീകള്‍ക്കില്ല. പങ്കാളി ഇല്ലാതെ തന്നെ അവരുടെ ജീവിതം സുരക്ഷിതമാണ്. എന്നാല്‍ വിവാഹജീവിതം നിലനിര്‍ത്തണമെന്ന് പങ്കാളികളിലാരെങ്കിലും ഉറച്ചുതീരുമാനിച്ചാല്‍ ഒരു ബന്ധവും വേര്‍പെടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അനുഷ്‌ക പറയുന്നു.

ഇന്ന് വിവാഹശേഷവും നിരവധി നടിമാര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കുട്ടികള്‍ ആയ ശേഷം പോലും അവര്‍ കരിയര്‍ തുടരുന്നു. സിനിമയിലെ സ്ത്രീകളെ സംബന്ധിച്ച് മികച്ച സമയം തന്നെയാണ്.
അതേസമയം വിവാഹക്കാര്യത്തിലൊന്നും തീരുമാനമായില്ലെന്നും അതിനെ കുറിച്ചൊന്നും താന്‍ ചിന്തിക്കുന്നില്ലെന്നും അനുഷ്‌ക പറഞ്ഞു. എന്റെ ജീവിതത്തിലും എല്ലാകാര്യങ്ങളും സ്വാഭാവികമായി വന്നു ഭവിച്ചതാണ്. വിവാഹവും അങ്ങനെ തന്നെയായിരിക്കുമെന്നാണ് കരുതുന്നത്.