ആദായനികുതി ഭേദഗതി ബിൽ ലോക് സഭ പാസാക്കി
നിയമവിധേയമല്ലാത്ത നിക്ഷേപങ്ങൾ സ്വയം വെളിപ്പെടുത്താനും പിടിക്കപ്പെട്ടാൽ വൻ പിഴ ഈടാക്കാനുമുളള ആദായനികുതി രണ്ടാം ഭേദഗതി ബില്‍ ലോക്സഭയിൽ പാസായി . ശബ്ദ വോട്ടോടെയാണ് ആദായനികുതി ബിൽ പാസായത് . ഇന്നലെ ബഹളത്തിനിടെ അരുൺ ജയ്റ്റ്‍ലി അവതരിപ്പിച്ച ബില്‍ ആദ്യത്തെ ബില്ലായാണ് ഇന്നത്തെ നടപടികളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും.
കണക്കിൽപ്പെടാത്ത പണം സ്വമേധയാ വെളിപ്പെടുത്തിയില്ലെങ്കിൽ 85 ശതമാനം പിഴയും നികുതിയും ഈടാക്കുനുള്ള നിർദ്ദേശമാണ് ബില്ലിലുള്ളത്. നവംബർ എട്ടിന് നോട്ട് പിന്‍വലിക്കല്‍ തീരുമാനം നിലവില്‍ വന്നശേഷം നടന്ന 2.5 ലക്ഷത്തില്‍ താഴെയുള്ള തുകകളുടെ ബാങ്ക് നിക്ഷേപങ്ങളും പരിശോധിക്കാനും കള്ളപണമാണെന്ന് കണ്ടെത്തിയാല്‍ പിഴയിടാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ നിക്ഷേപങ്ങളിൽ കണക്കിൽപ്പെടാത്ത പണം സ്വമേധയാ വെളിപ്പെടുത്തിയില്ലെങ്കിൽ 85 ശതമാനം പിഴയും നികുതിയും ഈടാക്കുനുള്ള നിർദ്ദേശം ബില്ലിലുണ്ട്.
നോട്ട് അസാധുവാക്കിയതിന് ശേഷം കിട്ടിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി നിയമം ഭേദഗതി ചെയ്യുന്നതെന്ന് ആദായ നികുതി ഭേദഗതി ബില്ലിൽ വ്യക്തമാക്കുന്നു. മൂന്ന് പ്രധാനപ്പെട്ട നിർദ്ദേശങ്ങളാണ് ബില്ലിലുള്ളത്. നോട്ട് അസാധുവാക്കിയതിന് ശേഷം നടത്തിയ നിക്ഷേപങ്ങൾക്ക് സ്രോതസ് കാണിക്കുകയാണെങ്കില്‍ നിലവിലുള്ള നികുതിയായ 30 ശതമാനവും അതിന്റെ 33 ശതമാനം സർച്ചാർജിനും പുറമേ ബാക്കി തുകയ്ക്ക് 30 ശതമാനം പിഴയും ഈടാക്കും. വരുമാനസ്രോതസ് കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ നികുതിക്ക് പുറമേ ബാക്കി തുകക്ക് 60 ശതമാനം പിഴയും നൽകേണ്ടി വരും. അതായത് 85 ശതമാനം തുക നഷ്ട്ടപ്പെടും.
കണക്കിൽപ്പെടാത്ത പണം പലിശ രഹിത വായ്പയായി നാല് വർഷത്തേക്ക് നിക്ഷേപിക്കാനുള്ള അവസരമാണ് മൂന്നാമത്തെ നിർദ്ദേശം.ഗരീബ് കല്യാൺ യോജന എന്ന ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നവർ നിലവിലുള്ള നികുതിക്ക് പുറമേ 10 ശതമാനം പിഴ ഒടുക്കിയാൽ മതിയാകും. രണ്ടര ലക്ഷത്തിന് താഴെയുള്ള നിക്ഷേപങ്ങൾക്കും വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഈ ബില്ലിലെ വ്യവസ്ഥകൾ ബാധകമായിരിക്കും. ജൻ ധൻ അക്കൗണ്ടുകളിൽ വൻ തുക എത്തിയതിനാലാണ് ഈ തീരുമാനം.