കാണികള്‍ നോക്കിനില്‍ക്കെ സിംഹം പരിശീലകനെ കടിച്ചു കൊന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

person access_timeDecember 03, 2016

കാണികള്‍ നോക്കി നില്‍ക്കെ സര്‍ക്കസിനായി പരിശീലിപ്പിച്ചിരുന്ന സിംഹം പരിശീലകനെ കടിച്ചു കൊന്നു. ഈജിപ്റ്റിലെ അലക്‌സാണ്ട്രിയയിലാണ് സംഭവം നടന്നത്. നൂറ് കണക്കിന് കാണികള്‍ നോക്കിനില്‍ക്കെയാണ് സംഭവം നടന്നത്.

സര്‍ക്കസ് അവതരണത്തിനിടെ പെട്ടെന്ന് അക്രമാസക്തനായ സിംഹം പരിശീലകന് നേരെ പാഞ്ഞടുക്കുകയായിരുന്നു. സിംഹത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ പരിശീലകനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് വര്‍ഷമായി സര്‍ക്കസ് പരിശീലകനായിരുന്ന 35കാരനായ ഇസ്‌ലാം ഷഹീനാണ് സിംഹത്തിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

സിംഹം പരിശീലകനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഷഹീന്‍ കയ്യിലൊരു വടിയുമായി സിംഹത്തിനകിരിലേക്ക് നീങ്ങുന്നതും മൂന്ന് സിംഹങ്ങളില്‍ രണ്ടെണ്ണം ഏണിയില്‍ കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെട്ടെന്നാണ് യാതൊരു പ്രകോപനവും കൂടാതെ മൂന്നാമത്തെ സിംഹം ഷഹീനെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്നവര്‍ സിംഹത്തില്‍ നിന്ന് രക്ഷിക്കാനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ആഫ്രിക്കയില്‍ നിന്നും പുതിയതായി കൊണ്ടു വന്ന സിംഹമാണ് ആക്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സിംഹങ്ങളെ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കിയതായി സര്‍ക്കസ് നടത്തിപ്പുകാര്‍ പറഞ്ഞു.