ദക്ഷിണാമൂര്‍ത്തി നാദപുരസ്കാരം ലതാ മങ്കേഷ്കറിന്

person access_timeJanuary 08, 2017

തൃശൂര്‍: പെരിങ്ങോട്ടുകര ദേവസ്ഥാനം നല്‍കുന്ന ദക്ഷിണാമൂര്‍ത്തി നാദപുരസ്കാരം ഇത്തവണ ഗായിക ലതാ മങ്കേഷ്കറിന് നല്‍കും.

ഒരു ലക്ഷം രൂപയും പൊന്നാടയും വാഗ്ദേവീ ശില്‍പവും അടങ്ങുന്ന പുരസ്കാരം ജനുവരി 13ന് അഞ്ചാമത് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മാനിക്കും. ഗായിക വാണി ജയറാം മുഖ്യാതിഥിയാകും.

ശ്രീകുമാരന്‍ തമ്പി,  ദക്ഷിണാമൂര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തും. മുമ്പ് എസ്. ജാനകി,  ഡോ. എം. ബാലമുരളീകൃഷ്ണ എന്നിവരാണ് ഈ അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്.
സംഗീതജ്ഞന്‍ കെ.ജി. ജയനെ ആസ്ഥാന സംഗീത വിദ്വാന്‍ പദവി നല്‍കി ആദരിക്കും. ജനുവരി 22 മുതല്‍ പത്ത് ദിവസം നീളുന്ന സംഗീതോത്സവത്തില്‍ ഉമ്പായി, വൈക്കം വിജയലക്ഷ്മി, സുചിത്ര ബാലസുബ്രഹ്മണ്യം എന്നിവരുടെ സംഗീതസദസ്സുണ്ട്.

സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 95443 37703 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പുരസ്കാര കമ്മിറ്റി ചെയര്‍മാന്‍ എം.കെ. അര്‍ജുനന്‍, ടി.എസ്. രാധാകൃഷ്ണന്‍, പൂര്‍ണത്രയി ജയപ്രകാശ്, കെ.ജി. ഹരിദാസ്, കെ.വി. പ്രവീണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.