കോട്ടയം ഫുഡ് ഫെസ്റ്റിവലിന് ഒരുങ്ങിക്കഴിഞ്ഞു
'പാല്‍ക്കാരന്‍ ചിക്ക'നെ കൂടാതെ കോഴിക്കറിയിലെ വൈവിധ്യങ്ങളായി പൊട്ടിത്തെറിച്ചതും പിടുത്തംവിട്ടതും ചീറിപ്പാഞ്ഞതും ചുരുട്ടിക്കൂട്ടിയതും മരംചുറ്റിയും മിഠായിയുമൊക്കെ നിരത്തിയാണ് ഇത്തവണ ഭക്ഷ്യമേള തുടങ്ങുന്നത്. പേരില്‍ കൗതുകവും ആകാംഷയും നിറച്ച് റൗണ്ട് ടേബിള്‍ 121 ഭക്ഷ്യമേളയില്‍ ജെല്ലിക്കെട്ട് കാളയുടെ വാരിയെല്ല് കറിവെച്ചത്, കൂണ്‍ പായസം, ഊത്തപ്പം, അച്ചാര്‍, ജപ്പാനീസ് സൂഷി... എന്നിങ്ങനെ വിഭവങ്ങളേറെയുണ്ട്. നാടന്‍ വിഭവങ്ങള്‍ക്കൊപ്പം ഹൈദ്രബാദ്, ചൈനീസ് തുടങ്ങി ഒട്ടേറെ ഇനങ്ങളുമുണ്ട്. ബുധനാഴ്ച മുതല്‍ നാഗമ്പടം മുനിസിപ്പല്‍ മൈതാനത്താണ് ഭക്ഷ്യമേള തുടങ്ങുന്നത്. 28-ന് സമാപിക്കും. 30 പഗോഡകള്‍ക്കൊപ്പം വസ്ത്രങ്ങളുള്‍പ്പടെയുള്ളവയുടെ 44 പ്രദര്‍ശന, വില്‍പ്പന സ്റ്റാളുകളും ഒരുക്കും. പൊടിശല്യത്തെ പ്രതിരോധിക്കാന്‍ 55,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള തട്ടിന് മുകളിലാണ് സ്റ്റാളുകള്‍ ഒരുക്കുന്നത്. അംഗപരിമിതര്‍ക്ക് മേള സന്ദര്‍ശിക്കാനുള്ള സൗകര്യവുമുണ്ട്. 28-ാം തീയതി വരെ വൈകീട്ട് നാലുമുതല്‍ 10.30 വരെയാണ് ഭക്ഷ്യമേള.