കേരളത്തിനുള്ളില്‍ ഒരു കൂര്‍ഗ്, അതാണ് പൈതല്‍മല
കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കുടക് കാടുകളുടെ (കൂര്‍ഗ് ഫോറസ്റ്റ്) തുടര്‍ച്ചയായി നിലകൊള്ളുന്ന മലനിരയാണ് പൈതല്‍മല. കണ്ണൂര്‍ ജില്ലയില്‍ പൊട്ടന്‍പ്ലാവ് ഗ്രാമത്തിനടുത്തായാണ് പൈതല്‍മല തലയുയര്‍ത്തി നില്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന്‍ 1371.6 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പൈതല്‍മല ഉയരത്തിന്‍റെ കാര്യത്തില്‍ കണ്ണൂരിലെ ഒന്നാമനാണ്.ഈ മേഖലയിലെ പ്രശസ്തങ്ങളായ മറ്റുപല മലനിരകളും എന്ന പോലെ പൈതല്‍മലയും പശ്ചിമഘട്ടത്തിന്‍റെ ഒരുഭാഗമാണ്. അതിനാല്‍ത്തന്നെ ഇവിടം പ്രകൃതി സൗന്ദര്യാസ്വാദകരുടേയും, പരിസ്ഥിതി വിദ്യാര്‍ഥികളുടേയും ഒരു വാഗ്ദത്തഭൂമിയാണ്. സാഹസികപ്രിയരും പൈതല്‍മലയെ തങ്ങളുടെ താവളമാക്കാറുണ്ട്.
പൈതല്‍മലയുടെ മുകളിലേക്കുള്ള ട്രെക്കിംഗ് 2 സീസണുകളില്‍ നടത്താം, വര്‍ഷകാലത്തും വേനല്‍ക്കാലത്തും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കേരളത്തിലെ മണ്‍സൂണ്‍ മഴയുടെ സമയത്ത് പൈതല്‍മലയിലേക്ക് ഒന്ന്‍ പോകേണ്ടത് തന്നെയാണ്. കോരിച്ചൊരിയുന്ന മഴയില്‍ മൂടല്‍മഞ്ഞിന്‍റെ വെള്ളപുതപ്പും പുതച്ച് നില്‍ക്കുന്ന കാടും മലയും ഫോട്ടോഗ്രഫി പ്രേമികളുടെ സ്വര്‍ഗ്ഗമായി മാറുന്നു. ജൂലൈ മാസത്തില്‍ പൈതല്‍മലയില്‍ ഇടതടവില്ലാത്ത പെയ്ത്താണ്. മഴയുടെ പരിലാളനങ്ങളേറ്റ്, കുടപോലും ചൂടാതെ, പൈതല്‍മലയുടെ പച്ചപ്പിലൂടെ മുകളിലേക്കും, തിരിച്ചുമുള്ള യാത്രകള്‍ അനുഭവിച്ചു തന്നെ അറിയേണ്ടവയാണ്.
വേനല്‍ക്കാലത്തെ ട്രെക്കിംഗ് കുറച്ച് കഠിനമാണ്. ചൂട് കാലാവസ്ഥ തന്നെയാണ് പ്രധാന പ്രതിബന്ധം. ഈ സമയത്ത് മലയില്‍ ആനയിറക്കവും അട്ടശല്യവും രൂക്ഷമായിരിക്കും. മണ്‍സൂണ്‍ സമയത്ത് പൈതല്‍മലയിലെ പുല്‍ക്കൂട്ടങ്ങള്‍ തഴച്ചുവളരാന്‍ ആരംഭിക്കുന്നു. അതോടെ മുകളിലേക്കുള്ള യാത്ര ദുഷ്കരമാകും. പുല്‍ക്കൂട്ടങ്ങള്‍ ഏഴടിയിലധികം ഉയരത്തില്‍ വളര്‍ന്നു കഴിയുമ്പോള്‍ നടപ്പാത കണ്ടെത്തുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളില്‍ ഒന്നാകുന്നു.
പക്ഷേ, ഡിസംബര്‍ മാസത്തില്‍ മഴയ്ക്ക് ഒട്ടൊക്കെ ശമനമാകുമ്പോള്‍ വനപാലകര്‍ ഈ ഭീമന്‍ പുല്‍ക്കൂട്ടങ്ങള്‍ തീയിട്ട് നശിപ്പിച്ച് ട്രെക്കിംങ്ങിനുള്ള നടപ്പാത വീണ്ടും തെളിക്കും. ചുറ്റുമുള്ള വനത്തിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതിന് ശേഷമാണ് ഈ ഉദ്യമം. ഇതിനു ശേഷം രണ്ട് മൂന്നാഴ്ചത്തേക്ക് പുല്ല് കരിഞ്ഞ് കറുത്ത നിറമായി കിടക്കുന്ന പാതയിലൂടെ ട്രെക്കിംഗ് സാധ്യമല്ല. പക്ഷേ, താമസിയാതെ ഇത് മാറുകയും വേനല്‍ക്കാല ട്രെക്കിംഗിന് നടപ്പാത അനുയോജ്യമായി വരികയും ചെയ്യുന്നു. കഠിനമായ ചൂട് ഒരു തടസ്സം ആകുമെങ്കിലും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് പൈതല്‍മലയിലേക്കുള്ള ട്രെക്കിംഗിന് ഏറ്റവും അനുയോജ്യം.
പൈതല്‍ താഴ്വരയില്‍ നിന്ന്‍ ട്രെക്കിംഗ് ആരംഭിച്ച് 45 മിനിറ്റ് നടന്നാല്‍ കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് നിര്‍മ്മിച്ചിരിക്കുന്ന നിരീക്ഷണ ടവറിന്‍റെ സമീപത്തെത്താം. നിരീക്ഷണടവറില്‍ നിന്നുള്ള താഴ്വരയുടെ കാഴ്ച വര്‍ണ്ണനകള്‍ക്കതീതമാണ്. കണ്ണൂര്‍ ജില്ലയുടെ പകുതിയോളം വരുന്ന പ്രദേശങ്ങള്‍ ഈ നിരീക്ഷണ ടവറില്‍ നിന്ന്‍ ദൃഷ്ടിഗോചരമാണ്. ടവറില്‍ നിന്നുള്ള കാഴ്ചകള്‍ കണ്ട്, ഗ്രൂപ്പ് ഫോട്ടോയും ഒക്കെ എടുത്ത്, അവിടെത്തന്നെ തീനും കുടിയുമൊക്കെ നടത്തി ട്രെക്കിംഗ് അവസാനിപ്പിച്ചാല്‍ പിന്നീട് നിരാശപ്പെടേണ്ടി വരും.
നിരീക്ഷണ ടവറിന്‍റെ അവിടുന്ന്‍ നിബിഡവനം തുടങ്ങുന്നതു വരെയുള്ള പാതയിലൂടെയുള്ള യാത്രയാണ് പൈതല്‍മലയിലെ ഏറ്റവും ആനന്ദദായകമായ ഘട്ടം. കാപ്പിമലയിലേക്കുള്ള പാതയും ഇവിടെ കാണാം. കൂര്‍ഗ് കാടുകളുടെ മനോഹാരിത ആസ്വദിക്കാന്‍ ഈ ഭാഗത്തുള്ള കുന്നുകളുടെ മുകളില്‍ നിന്ന്‍ വനനിബിഡതയിലേക്ക് നോക്കിയാല്‍ മതി. വലതുഭാഗത്ത് കൂര്‍ഗ് കാടുകളും ഇടതുഭാഗത്ത് പൈതല്‍ താഴ്വരയുമാണ് ഇവിടുത്തെ പ്രത്യേകത.
അതിരാവിലെ പ്രാതലിനു ശേഷം ട്രെക്കിംഗ് ആരംഭിക്കുന്നതാണ് ഉത്തമം. ഉച്ചഭക്ഷണവും, ആവശ്യത്തിനു വെള്ളവും മറ്റ് ലഘുഭക്ഷണങ്ങളും കരുതി മലകയറ്റം തുടങ്ങിയാല്‍ മേല്‍പ്പറഞ്ഞ കാഴ്ചകളുടെ അനുഭൂതിയുമായി വൈകുന്നേരം താഴ്വരയില്‍ മടങ്ങിയെത്താം.
പൊട്ടന്‍പ്ലാവില്‍ എത്തിച്ചേരാന്‍ തളിപ്പറമ്പ് നിന്നോ കണ്ണൂര് നിന്നോ ബസ് പിടിക്കാം. തളിപ്പറമ്പില്‍ നിന്ന്‍ പൊട്ടന്‍പ്ലാവിലേക്ക് 40-കിലോമീറ്റര്‍ ദൂരവും കണ്ണൂര് നിന്ന് 65-കിലോമീറ്റര്‍ ദൂരവും ആണ്. തളിപ്പറമ്പ് നിന്ന്‍ പൊട്ടന്‍പ്ലാവിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ നിരന്തര സര്‍വീസുകളുണ്ട്. കണ്ണൂര്‍ വിമാനത്തവളവും റെയില്‍വേ സ്റ്റെഷനുമാണ് ഏറ്റവും അടുത്തുള്ള ഇതര യാത്രാമാര്‍ഗങ്ങള്‍.
പൊട്ടന്‍പ്ലാവ് നിന്നും എന്ന പോലെ ആലക്കോടിനു സമീപം കാപ്പിമലയില്‍ നിന്നും പൈതല്‍മല ട്രെക്കിംഗ് ആരംഭിക്കാമെങ്കിലും പൊട്ടന്‍പ്ലാവ് വഴി പോകുന്നതാണ് കൂടുതല്‍ സൗകര്യപ്രദം. ഈ പാതയില്‍ ഉടനീളം റിസോര്‍ട്ടുകള്‍ കാണാം, അതിനാല്‍ റിഫ്രഷ്‌മെന്‍റ് ഒരു പ്രശ്നമേയല്ല. കുടിയാന്മലയില്‍ നിന്നും പൈതല്‍ താഴ്വര വരെയുള്ള ഡ്രൈവും അനുപമമായ യാത്രാ അനുഭൂതികള്‍ നിറഞ്ഞതാണ്.