വ്യവസായങ്ങള്‍ക്ക് അതിവേഗം അനുമതിക്കായി ഓര്‍ഡിനന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായസംരംഭങ്ങള്‍ക്ക് അനുമതി വേഗത്തിലാക്കാന്‍ ഏഴു നിയമങ്ങള്‍ ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരളനിക്ഷേപ പ്രോത്സാഹന സൗകര്യമൊരുക്കല്‍ നിയമം എന്ന് ഇതറിയപ്പെടും. വിവിധ ഏജന്‍സികളില്‍ നിന്നുള്ള അനുമതികള്‍ 30 ദിവസത്തിനകം ഉറപ്പാക്കി വ്യാവസായികസൗഹൃദ സൂചികയില്‍ (ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇന്‍ഡക്‌സ്) കേരളത്തെ മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. കേരള പഞ്ചായത്തീരാജ് നിയമം * കേരള മുനിസിപ്പാലിറ്റി നിയമം * കേരള ഭൂജല നിയന്ത്രണ നിയമം * കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും നിയമം * കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം * കേരള ചുമട്ടുതൊഴിലാളി നിയമം * കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ടൗണ്‍ഷിപ്പ് പ്രദേശവും വികസന നിയമം * അനുമതികള്‍ വേഗത്തിലാക്കാന്‍ വേണ്ട ചട്ടങ്ങളും ഭേദഗതി ചെയ്യും.വ്യവസായസൗഹൃദ സൂചികയില്‍ രാജ്യത്ത് 20-ാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഇത് ഉയര്‍ത്തണമെങ്കില്‍ ഒക്ടോബര്‍ 31-നകം ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തണം. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. നിയമത്തിലെ മാറ്റങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചശേഷം കേന്ദ്രസര്‍ക്കാരിന്റെ വ്യാവസായികനയ പ്രോത്സാഹന (ഡി.ഐ.പി.പി.) വിഭാഗത്തെ അറിയിക്കും. ഇവ വിലയിരുത്തിയ ശേഷമാണ് സംസ്ഥാനത്തിന്റെ റാങ്ക് പുനര്‍നിര്‍ണയിക്കുക. വ്യവസായ ലൈസന്‍സിന് അപേക്ഷിക്കുന്നതിന് പൊതു അപേക്ഷാഫോറവും അത് അപ്ലോഡ് ചെയ്യുന്നതിന് 'സ്വിഫ്റ്റ്' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലും ഉണ്ടാക്കും. കെട്ടിടനിര്‍മാണ ലൈസന്‍സ് വേഗത്തില്‍ ലഭ്യമാക്കുന്നതിന് പ്രത്യേക സോഫ്‌റ്റ്വേറും തയ്യാറാക്കും.