ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റ്‌: കേരളം കിരീടം നിലനിര്‍ത്തി

person access_timeNovember 16, 2016

കോയമ്പത്തൂര്‍ : ജൂനിയര്‍ അത്‌ലറ്റിക്‌ കിരീടം വീണ്ടും കേരളത്തിലേക്ക്‌. കോയമ്പത്തൂരില്‍ നടന്ന മുപ്പത്തിരണ്ടാം ദേശീയ മീറ്റിലും കേരളത്തിന്റെ കൗമാരതാരങ്ങള്‍ വിജയക്കൊടി നാട്ടിയപ്പോള്‍ ഇത്‌ സംസ്‌ഥാനത്തെത്തുന്ന ഇരുപത്തിരണ്ടാം ദേശീയ കിരീടം. തുടര്‍ച്ചയായ അഞ്ചാമത്തെയും മീറ്റ്‌ ചരിത്രത്തിലെ ഇരുപത്തിരണ്ടാം  കിരീടമാണ്‌ ഇന്നലെ കോയമ്പത്തൂരില്‍ കേരളത്തിന്റെ മിന്നും താരങ്ങള്‍ നേടിയെടുത്തത്‌. അവസാനയിനം വരെ നീണ്ടുനിന്ന അനിശ്‌ചിതത്വങ്ങള്‍ക്കൊടുവില്‍ 18 സ്വര്‍ണവും 1 8 വെള്ളിയും 22 വെങ്കലവുമടക്കം 429 പോയിന്റു നേടിയാണ്‌ കേരളം കിരീടമുയര്‍ത്തിയത്‌. 

ചാമ്പ്യന്മാര്‍ക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്തിയ തമിഴ്‌നാട്‌ 15.5 പോയിന്റ്‌ അകലെ 413.5 പോയിന്റുമായി റണ്ണറപ്പായി. 20 സ്വര്‍ണവും 12 വെള്ളിയും 16 വെങ്കലവുമാണ്‌ അവര്‍ക്കുള്ളത്‌. ആദ്യ മൂന്നു ദിനം കേരളത്തെ വിറപ്പിച്ച ഹരിയാനയാണ്‌ 273 പോയിന്റുമായി മൂന്നാം സ്‌ഥാനത്ത്‌. പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളമാണ്‌ ചാമ്പ്യന്മാര്‍. 268 പോയിന്റ്‌. എന്നാല്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 273 പോയിന്റുമായി ഹരിയാന കിരീടമുയര്‍ത്തി. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ അപര്‍ണാ റോയി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മൂന്ന്‌ ദിവസങ്ങളില്‍ പിറകിലായിരുന്ന കേരളം നാലാം ദിനത്തിലാണ്‌ മുന്നിലെത്തിയത്‌. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മുന്നേറ്റത്തില്‍ ആദ്യ ദിനം മുന്നില്‍ നിന്ന ഹരിയാന മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. സ്വര്‍ണ നേട്ടം കുറഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പോയിന്റ്‌ നില മെച്ചപ്പെടുത്താന്‍ ഇത്തവണ കേരളത്തിനായി. കഴിഞ്ഞ മീറ്റില്‍ 25 സ്വര്‍ണമടക്കം 403 പോയിന്റോടെയാണ്‌ കേരളം ജേതാക്കളായത്‌. 85 പെണ്‍താരങ്ങളും 93 ആണ്‍താരങ്ങളും അടങ്ങിയ 179 അംഗ ടീമാണ്‌ കേരളത്തെ പ്രതിനിധീകരിച്ച്‌ മീറ്റില്‍ പങ്കെടുത്തത്‌. മീറ്റിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ട എട്ട്‌പേരില്‍ മലയാളിയായി ഒരാള്‍ മാത്രം. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ റോയ്‌ ആണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. അതേസമയം എട്ട്‌ വിഭാഗങ്ങളിലായി എട്ട്‌ പേരെ തെരഞ്ഞെടുത്തതില്‍ നാലുപേരും ഷോട്ട്‌പുട്ട്‌ താരങ്ങള്‍. ആണ്‍കുട്ടികളൂടെ വിഭാഗത്തിലാണ്‌ ഇത്‌. അണ്ടര്‍ 20 വിഭാഗത്തില്‍ ഹരിയാനയുടെ നവീന്‍, അണ്ടര്‍ 18ല്‍ ദിപേന്ദര്‍ ദബാസ്‌, അണ്ടര്‍ 16ല്‍ സത്യവാന്‍, അണ്ടര്‍ 14ല്‍ പഞ്ചാബിന്റെ ധന്‍വീര്‍ സിങ്ങ്‌എന്നിവരാണ്‌ മികച്ച ആണ്‍ താരങ്ങള്‍.

പെണ്‍കുട്ടികളില്‍ അണ്ടര്‍ 20ല്‍ തമിഴ്‌നാടിന്റെ എം. ലോഗനായകി, അണ്ടര്‍ 18ല്‍ തെലങ്കാനയുടെ ജി. നിത്യ, അണ്ടര്‍ 14ല്‍ ഡി. ഭാഗ്യലക്ഷ്‌മി എന്നിവരാണ്‌ അപര്‍ണ റോയ്‌ക്ക് പുറമെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്‌. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളത്തിന്‌ തുടക്കം പിഴച്ചു. സ്വര്‍ണപ്രതീക്ഷയുമായി അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജമ്പ്‌ പിറ്റിലിറങ്ങിയ കേരളത്തിന്‌ വെള്ളിയിലൊതുങ്ങേണ്ടി വന്നു. കേരളത്തിനായി മത്സരിച്ച എം. ജിഷ്‌ന 1.69 മീറ്റര്‍ ചാടി വെള്ളി നേടി. സ്വര്‍ണ ഡല്‍ഹിയുടെ വനിഷ്‌ക സേജ്‌വാളിന്‌. ഉയരം 1.69 മീറ്റര്‍. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 10000 മീറ്ററില്‍ കേരളത്തിന്റെ എം. ധര്‍മ്മരാജും അഭിജിത്ത്‌ പ്രസാദും മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. തുടര്‍ന്ന്‌ നടന്ന അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 3000 മീറ്ററിലും കേരളം മെഡല്‍ നേടിയില്ല. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ 15.21 മീറ്റര്‍ ചാടി ഡല്‍ഹിയുടെ തേജസ്വിന്‍ ശങ്കര്‍ ഡബിള്‍ തികച്ചു. കഴിഞ്ഞ ദിവസം ഹൈജമ്പില്‍ സീനിയര്‍ തലത്തിലെ ദേശീയ റെക്കോഡ്‌ തന്നെ തകര്‍ത്ത്‌ മീറ്റിന്റെ താരമായി മാറിയിരുന്നു തേജസ്വിന്‍.

800 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്‌ ഒരു സ്വര്‍ണവും വെള്ളിയും വെങ്കലവും. അഭിഷേക്‌ മാത്യു സ്വര്‍ണവും അതുല്യ ഉദയന്‍ വെള്ളിയും സി. ബബിത വെങ്കലവും നേടി. 16 വയസ്സിന്‌ താഴെയുള്ള ആണ്‍കുട്ടികളൂടെ വിഭാഗത്തില്‍ 1:56.32 മിനിറ്റിലാണ്‌ അഭിഷേക്‌ പൊന്നണിഞ്ഞത്‌. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഗുജറാത്തിന്റെ കശ്‌വീര്‍ വസാനിയുടെ കനത്ത വെല്ലുവിളി മറികടന്നാണ്‌ അഭിഷേകിന്റെ നേട്ടം. ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ 2:16.40 മിനിറ്റില്‍ ഫിനിഷ്‌ ലൈന്‍ കടന്നാണ്‌ ഉഷ സ്‌കൂളിന്റെ അതുല്യ ഉദയന്‍ വെള്ളി നേടിയത്‌. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ 2:11.46 മിനിറ്റില്‍ ഓടിയെത്തിയാണ്‌ ബബിത വെങ്കലം നേടിയത്‌. മറ്റൊരു മലയാളി താരം അന്‍സ ബാബു അഞ്ചാമതാണ്‌ ഫിനിഷ്‌ ചെയ്‌തത്‌.

അതേസമയം ആണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ കേരളത്തിനായി ട്രാക്കിലിറങ്ങിയ സുഗന്ധകുമാര്‍, അബിന്‍ സാജന്‍ എന്നിവര്‍ നാലും അഞ്ചും സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച റിയമോള്‍ ജോയി ആറാമതായി. 100 മീറ്ററിന്‌ പിന്നാലെ 200 മീറ്റര്‍ സ്‌പ്രിന്റിലും കേരളത്തിന്‌ തിരിച്ചടി. എട്ടു വിഭാഗങ്ങളിലായി നടന്ന 200 മീറ്റര്‍ പോരാട്ടത്തില്‍ ഒരു സ്വര്‍ണം പോലും നേടാന്‍ കഴിയാതിരുന്ന കേരളം രണ്ട്‌ വെള്ളിയും രണ്ട്‌ വെങ്കലവും കൊണ്ട്‌ തൃപ്‌തിപ്പെട്ടു. മൂന്ന്‌ സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും നേടിയ തമിഴ്‌നാടാണ്‌ 200 മീറ്റര്‍ ട്രാക്ക്‌ വാണത്‌. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ര്‌ട എന്നിവര്‍ ഓരോ സ്വര്‍ണ്ണം സ്വന്തമാക്കി.

അണ്ടര്‍ 16 ആണ്‍കുട്ടികളില്‍ സി. അഭിനവ്‌ പെണ്‍കുട്ടികളില്‍ ടി. സൂര്യമോളും വെള്ളി നേടി. അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ ടി.വി. അഖില്‍, അണ്ടര്‍ 20ല്‍ മുഹമ്മദ്‌ സാദത്ത്‌ എന്നിവരാണ്‌ കേരളത്തിന്റെ വെങ്കല ജേതാക്കള്‍. അണ്ടര്‍ 16 ആണ്‍കുട്ടികളില്‍ ഡല്‍ഹിയുടെ ബാദല്‍ ഷോകീന്‍ 22.17 സെക്കന്‍ഡില്‍ സ്വര്‍ണ്ണമണിഞ്ഞപ്പോള്‍ അഭിനവിന്‌ 22.56 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്യാനായത്‌.ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ തമിഴ്‌നാടിന്റെ ആര്‍. ഗിരിധരണി 25.34 സെക്കന്‍ഡില്‍ ഒന്നാമതെത്തിയപ്പോള്‍ കേരളത്തിന്റെ സൂര്യമോള്‍ 25.69 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. സൂര്യമോള്‍ കഴിഞ്ഞ ദിവസം 400 മീറ്ററില്‍ സ്വര്‍ണമണിഞ്ഞിരുന്നു.

അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ ടി.വി. അഖില്‍ സെക്കന്‍ഡിലാണ്‌ വെങ്കലം നേടിയത്‌. തമിഴ്‌നാടിന്റെ ബി. നിതിന്‍(21.69 സെ.) സ്വര്‍ണവും ഹരിയാനയുടെ അമിത്‌കുമാര്‍(21.78 സെ.) വെള്ളിയും നേടി. ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ മഹാരാഷ്ര്‌ടയുടെ റൊസാലിന്‍ ലൂയിസ്‌ (25.04 സെ.) സ്വര്‍ണവും തമിഴ്‌നാടിന്റെ കെ. രാമലക്ഷ്‌മി (25.37 സെ.) വെള്ളിയും ആതിഥേയരുടെ തന്നെ വി. ശുഭ (25.42 സെ.) വെങ്കലവും കരസ്‌ഥമാക്കി. അണ്ടര്‍ 20 ആണ്‍കുട്ടികളില്‍ കര്‍ണാടകയുടെ മനീഷ്‌(21.49 സെ.) സ്വര്‍ണവും തമിഴ്‌നാടിന്റെ പി. ആകാശ്‌ 21.66(സെ.) വെള്ളിയും സ്വന്തമാക്കിയപ്പോള്‍ വെങ്കലം നേടിയ കേരളത്തിന്റെ മുഹമ്മദ്‌ സാദത്ത്‌ ഫിനിഷ്‌ ലൈന്‍ കടന്നത്‌ 21.73 സെക്കന്‍ഡില്‍.

ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ തമിഴ്‌നാടിന്റെ വി. രേവതി 24.90 സെക്കന്‍ഡില്‍ സ്വര്‍ണവും പശ്‌ചിമ ബംഗാളിന്റെ അന്വേഷ റോയ്‌ പ്രധാന്‍(25.08 സെ.) വെള്ളിയും തമിഴ്‌നാടിന്റെ തന്നെ എ. ചന്ദ്രലേഖ 25.14(സെ.) വെങ്കലവും സ്വന്തമാക്കി. ഈയിനത്തില്‍ കേരളത്തിന്റെ ജില്‍നക്ക്‌ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനായില്ല. മീറ്റിന്റെ അവസാനയിനമായ അണ്ടര്‍20 മെഡ്‌ലേ റിലേയില്‍ കേരളത്തെ ഞെട്ടിച്ച്‌ തമിഴ്‌നാട്‌ രണ്ടു സ്വര്‍ണം നേടിയെങ്കിലും കിരീടത്തിന്‌ ആ പോയിന്റുകള്‍ മതിയായില്ല. ഈ ഇനത്തില്‍ കേരളത്തിന്റെ പെണ്‍ ടീം വെള്ളിയും ആണ്‍ ടീം വെങ്കലവും നേടി. രണ്ടു സ്വര്‍ണവും ആറ്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമാണ്‌ അവസാന ദിനം കേരളം അക്കൗണ്ടിലെത്തിച്ചത്‌.