ഗുവാഹത്തിയില്‍ ഇന്ത്യ ബാറ്റിങ് മറന്നു; ഓസീസിന് എട്ടു വിക്കറ്റ് വിജയം

person access_timeOctober 11, 2017

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ടിട്വന്റിയില്‍ ഓസ്‌ട്രേലിയക്ക് വിജയം. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ഓസ്‌ട്രേലിയയുടെ വീര്യത്തിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഇന്ത്യ മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 27 പന്ത് ബാക്കി നില്‍ക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും നേരത്തെ പുറത്തായ ശേഷം ഹെന്റിക്വസും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഹെന്റിക്വസ് 46 പന്തില്‍ 62 റണ്‍സടിച്ചപ്പോള്‍ ഹെഡ് 34 പന്തില്‍ 48 റണ്‍സാണ് അടിച്ചുകൂട്ടിയത്.അതേസമയം ഓസീസ് ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഇന്ത്യന്‍ ബാറ്റിങ് നിര തകരുകയായിരുന്നു. ഇന്ത്യയുടെ ആറു ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ജെയ്‌സണ്‍ ബെഹ്‌റണ്ടോഫാണ് ഇന്ത്യയുടെ നടുവൊടിച്ചത്. 27 റണ്‍സെടുത്ത കേദര്‍ ജാദവാണ് ടോപ്പ് സ്‌കോറര്‍.ഇതോടെ മൂന്നു ടിട്വന്റി അടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ആദ്യ ടിട്വന്റിയില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഇനി നിര്‍ണായകമായ മൂന്നാം ടിട്വന്റി വെള്ളിയാഴ്ച്ച ഹൈദരാബാദില്‍ നടക്കും.