ഐഎഫ്എഫ്ഐ-2016: മദര്‍ ഇന്ത്യ മുതല്‍ മേരികോം വരെ നീളുന്ന ഇന്ത്യന്‍ സിനിമയിലെ സ്ത്രീശക്തിക്ക് ആദരം

person access_timeNovember 21, 2016

ഇന്ത്യയുടെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായ ഐഎഫ്എഫ്ഐ-2016 ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ തുടങ്ങി. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയില്‍ ശക്തമായ സ്വാധീനം ചെലുത്തിയ വനിതാ കലാകാരികള്‍ക്ക് ആദരമര്‍പ്പിക്കുന്ന ഹൃദയഹാരിയായ ഒരു ദൃശ്യവിരുന്നോടെയാണ് ചലച്ചിത്രോത്സവത്തിന് തുടക്കമായത്. ഇന്ത്യന്‍ സിനിമ അതിന്‍റെ വളര്‍ച്ചയുടെ നിര്‍ണ്ണായകഘട്ടം ആരംഭിച്ച 1950-കള്‍ മുതല്‍ ഇന്നുവരെ നമ്മുടെ സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന "ഓഡ് ടു എ വുമണ്‍" എന്ന പ്രത്യേകപ്രദര്‍ശനമാണ് ഉദ്ഘാടനച്ചടങ്ങിന്‍റെ മുഖ്യആകര്‍ഷണമായി മാറിയത്.

പ്രശസ്ത നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ അണിയിച്ചൊരുക്കിയ ഈ നൃത്തശില്‍പം മദര്‍ഇന്ത്യ മുതല്‍ മേരികോം വരെനീളുന്ന സ്ത്രീകേന്ദ്രീകൃത ചലച്ചിത്രങ്ങളില്‍ എപ്രകാരം സ്ത്രീ കഥാപാത്രങ്ങള്‍ വ്യത്യസ്തമായ ഭാവതലങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയിലേക്ക് കാണികളെ കൂട്ടിക്കൊണ്ടു പോകുന്നു. "മൊണ്ടാഷ്" രീതിയിലുള്ള ഈ ആവിഷ്കാരത്തില്‍ വഹീദാ റഹ്മാന്‍, മധുബാല, മീനാ കുമാരി, വിദ്യാ ബാലന്‍, പ്രിയങ്കാ ചോപ്ര, ദീപികാ പാദുകോണ്‍ തുടങ്ങിയ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും അഭിനേത്രികളെ പരാമര്‍ശിച്ചിരിക്കുന്നു.

നേരത്തേ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പുതിയ താരോദയം സുശാന്ത് സിങ്ങ് രാജ്പുത്തും വിഖ്യാത ചലച്ചിത്രകാരന്‍ രമേശ്‌ സിപ്പിയും ചേര്‍ന്ന്‍ ദീപ പ്രോജ്വലനകര്‍മ്മം നിര്‍വഹിച്ച് മേളയ്ക്ക് തുടക്കം കുറിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, ഗോവന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചലച്ചിത്രമേഖലയില്‍ നിന്ന്‍ ദിവ്യാ ദത്ത, നാഗേഷ് കുക്കുനൂര്‍, നാനാ പടേക്കര്‍, സുധീര്‍ മിശ്ര, മുകേഷ് തുടങ്ങിയവരും സംബന്ധിച്ചു. സുഹാസിനി മണിരത്നവും, സുര്‍വീന്‍ ചൗളയുമായിരുന്നു അവതാരകര്‍.

പനാജിയില്‍ ഒരുക്കിയിരിക്കുന്ന ഏഴ് സ്ക്രീനുകളിലായി ചലച്ചിത്രപ്രേമികള്‍ക്ക് വരുംദിവസങ്ങളില്‍ ലോകസിനിമയിലെ അത്ഭുതസിനിമകളുടെ ഒരു നല്ല ശേഖരം തന്നെ ആസ്വദിക്കാം.