സംസ്ഥാനത്ത് തിങ്കളാഴ്ച എൽഡിഎഫ് ഹർത്താൽ

person access_timeNovember 24, 2016

തിരുവനന്തപുരം : സഹകരണ ബാങ്ക് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ സിപിഎം തീരുമാനിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആശുപത്രി, പാല്‍, പത്രം വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്. ഇടതുമുന്നണിയുടെ നേതൃത്വത്തിലായിരിക്കും ഹർത്താൽ. ഹര്‍ത്താലിന്‍റെ മുന്നോടിയായി 27 ന് വൈകുന്നേരം പ്രാദേശികാടിസ്ഥാനത്തില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും.

ആയിരം, അഞ്ഞൂറ് രൂപ നോട്ട് പിന്‍വലിച്ച് രാജ്യത്തെ അരാജകത്വത്തിലാഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്‍റെ ഭാഗമായിട്ടാണ് ഹർത്താലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. നോട്ട് പിന്‍വലിച്ചതിന്‍റെ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിലുമുള്ള പ്രതിഷേധമെന്ന നിലയില്‍ക്കൂടിയാണ് ഹർത്താൽ‌.

നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങളൊരുക്കാതെയും കടുത്ത നിയന്ത്രണങ്ങളിലൂടെയും ജനജീവിതം ദുരിതത്തലാക്കിയിരിക്കുകയാണെന്ന് വൈക്കം വിശ്വൻ പ്രസ്താവനയിൽ ആരോപിച്ചു. നോട്ട് പിന്‍വലിക്കലിന്‍റെ മറവില്‍ കേരളത്തിന്‍റെ സമ്പദ്ഘടനയിലും സാധാരണക്കാരുടെ ജീവിതത്തിലും നിര്‍ണായകസ്വാധീനമുള്ള സഹകരണമേഖലയെ പാടേ തകര്‍ക്കാനും ശ്രമിക്കുന്നു. അസാധുനോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും സഹകരണസ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു.

കേരളത്തിന്‍റെ ജീവനാഡിയായ സഹകരണമേഖലയെ കടന്നാക്രമിക്കുകയാണ് കേന്ദ്രം. നോട്ട് മാറിനല്‍കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ മാറ്റിനിര്‍ത്തിയതിനു പിന്നാലെ കടുത്ത നിബന്ധനകള്‍ അടിച്ചേൽപ്പിച്ച് എല്ലാ ഇടപാടുകളും തടഞ്ഞ് പൂര്‍ണമായി വരിഞ്ഞുമുറുക്കി. സഹകരണമേഖലയെ തകര്‍ക്കുന്നതില്‍നിന്ന് പിന്തിരിയണമെന്ന സംസ്ഥാന നിയമസഭയുടെ പ്രമേയം കൈമാറാനും പ്രതിസന്ധി ബോധ്യപ്പെടുത്താനും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്‍റെയും നേതൃത്വത്തില്‍ ഡല്‍ഹിക്ക് പോകാനിരുന്ന സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശാനുമതി നിഷേധിക്കുക കൂടി ചെയ്തിരിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

നോട്ടു പ്രതിസന്ധിയേത്തുടർന്ന് രാജ്യവ്യാപകമായി തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലും അവിടങ്ങളിലെ സാഹചര്യമനുസരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിർദ്ദേശം. നോട്ടു പ്രതിസന്ധി നിമിത്തം സംസ്ഥാനത്തെ സഹകരണ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയുെട പശ്ചാത്തലത്തിൽ കേരളത്തിൽ ഹർത്താൽ ആചരിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.