ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട കോട്ട.

person access_timeOctober 11, 2017

ഞ്ചാര സാഹിത്യം ചെറുപ്പം മുതലേ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചതിനു ശേഷമാണ് കൂടുതല്‍ യാത്രകള്‍ നടത്താനുള്ള സൗകര്യം ലഭിച്ചത്. ജീവിതത്തിലെ മറക്കാനാവാത്ത ഒന്നായിരുന്നു ഗോല്‍ക്കൊണ്ട യാത്ര. ആ അത്ഭുതലോകം കാണാന്‍ സാധിക്കാത്തവര്‍ക്കായി ഞാനിതാ വാക്കുകളിലൂടെ പകര്‍ത്തുന്നു. ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ച് തെലുങ്കാനയായി മാറിയ സംസ്ഥാനത്തിലെ ഹൈദരാബാദിലാണ് ഹൈടെക് സിറ്റി സ്ഥിതിചെയ്യുന്നത്. അവിടെനിന്നും ഏകദേശം 16 കി.മി. അകലെയാണ് ഗോല്‍ക്കൊണ്ട ഫോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ചരിത്രമുറങ്ങുന്ന ധാരാളം സ്ഥലങ്ങള്‍ ഹൈദരാബാദിലുണ്ട് എങ്കിലും എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് ഗോല്‍ക്കൊണ്ട കോട്ടതന്നെ.ഇനി അല്‍പം ചരിത്രം. വാറങ്കലിലെ കാക്കാത്തിയ രാജാവായ രാജാ പ്രതാപരുദ്ര ദേവ്, എ.ഡി. 1143-ല്‍ ഈ മലമുകളില്‍ ഒരു ചെറിയ കോട്ട സ്ഥാപിച്ചു. എ.ഡി. 1363-ല്‍ വാറംഗല്‍ രാജാക്കന്മാരില്‍ നിന്നു ബാമനി രാജാക്കന്മാര്‍ കോട്ട കൈവശപ്പെടുത്തി. എ.ഡി. 1518 വരെ ഇവരുടെ ഭരണത്തിന്‍കീഴിലായിരുന്നു കോട്ട. ഈ രാജവംശത്തിന്റെ ആസ്ഥാനം ഗുല്‍ബര്‍ഗ്ഗയിലായിരുന്നു. തന്മൂലം അവിടത്തെ 5 സുബേദാര്‍മാര്‍ സ്വതന്ത്രമായി രാജ്യം ഭരിക്കാന്‍ തുടങ്ങി. ഇവരിലൊരാളായ സുല്‍ത്താന്‍ ഖുലി ഖുത്തബ് ഷാ ഖുത്തബ് ഷാഹി രാജകുടുംബം സ്ഥാപിച്ചു. ഖുത്തബ് ഷാഹി രാജാക്കന്മാര്‍ 7 പേര്‍ എ.ഡി. 1518 മുതല്‍ 1687 വരെ രാജ്യം ഭരിച്ചു. ഇവരില്‍ ആദ്യത്തെ മൂന്ന് രാജാക്കന്മാര്‍ 62 വര്‍ഷക്കാലം ഭരിച്ചു. കോട്ടയും കൊട്ടാരവും വലുതാക്കി. നാലാമത്തെ രാജാവായ മുഹമ്മദ് ഖുലി ഖുത്തബ് ഷാ എ.ഡി. 1587 ല്‍ ഭാഗ്‌നഗര്‍ എന്ന സിറ്റി നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ ഹിന്ദു പത്‌നിയായ ഭാഗ്മതിയോടുള്ള സ്‌നേഹവാത്സല്യം കാരണമാണത്രെ ഈ പേര്‍ നല്കിയതെന്ന് പറയപ്പെടുന്നു. പിന്നീട് ഇവര്‍ ഹൈദര്‍മഹല്‍ എന്ന മുസ്ലിം നാമം സ്വീകരിച്ചതിനാല്‍ സിറ്റി പിന്നീട് ഹൈദരാബാദായി മാറി. അക്കാലത്ത് ഗോല്‍ക്കൊണ്ടയുടെ സമീപം ധാരാളം വജ്രഖനികളുണ്ടായിരുന്നു. വജ്രവ്യാപാരത്തിന്റെ സുവര്‍ണ്ണ കാലഘട്ട മായിരുന്നു. എ.ഡി. 1687 ല്‍ മുഗള്‍ രാജാവായ ഔറംഗസേബ് സുല്‍ത്താന്‍ അബ്ദുള്‍ ഹസന്‍ താനാഷായെ ആക്രമിച്ച് കോട്ടപിടിച്ചെടുത്തു. രാജാവിനെ അന്ത്യം വരെ തടവില്‍പാര്‍പ്പിച്ചു. ഖുലി രാജവാഴ്ചകാലത്ത് ഹൈദരാബാദ് പട്ടണം വളരെയേറെ വികസിച്ചു. പിന്നീട് നൈസാം രാജാക്കന്മാര്‍ ഭരണം കൈയാളി.ഇവിടെ എല്ലാ ദിവസവും വൈകിട്ട് ലൈറ്റ് ഏന്റ് സൗണ്ട് ഷോ നടത്താറുണ്ട് .കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും പലനിറത്തിലുള്ള ലൈറ്റുകള്‍ മിന്നിമറയുന്നത് ഒരു കാണേണ്ട കാഴ്ച തന്നെയാണത്രെ. ശബ്ദ ചിത്രങ്ങളിലൂടെ ഗോല്‍ക്കൊണ്ടയുടെ ആ തിളങ്ങുന്ന ചരിത്രം നമുക്കു മുന്‍പില്‍ തുറന്നു തരും. ഈ മല മുഴുവന്‍ പല വര്‍ണ്ണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന ആ കാഴ്ച കാണാന്‍ ഞങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല. ചരിത്രമുറങ്ങുന്ന ആ ഭൂമിയോട് ഞങ്ങള്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ അകത്തുനിന്നും നൂപുരദ്ധ്വനികളും വളകിലുക്കങ്ങളും പൊട്ടിച്ചിരികളും സംഗീതവും കേള്‍ക്കുന്നുണ്ടോ എന്നു സംശയിച്ചുപോയി. ഉച്ചവെയില്‍ തിളച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ കാര്‍ നേരെ കുത്തബ് ഷാഹി ശവകുടീരങ്ങള്‍ ലക്ഷ്യമാക്കി പാഞ്ഞു. ഏകദേശം ഒരു മൈല്‍ ദൂരമേ ഉള്ളൂ. ഗോല്‍ക്കൊണ്ട കണ്ടവരെല്ലാം ഇത് കൂടി കാണേണ്ടതാണ്. കാരണം കോട്ടയില്‍ നിന്നും മണ്‍മറഞ്ഞ രാജാക്കന്മാരെല്ലാം അന്ത്യവിശ്രമം കൊള്ളുന്നതിവിടെയാണ്.