മൂത്തോൻ; നിവിൻ പോളിയുടെ ഗീതു മോഹൻദാസ് ചിത്രം
സിനിമാ പ്രേമികളെ അമ്പരപ്പിക്കുന്നതായിരുന്നു ഗീതു മോഹൻദാസിന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം. വമ്പൻ താര നിരയും അണിയറപ്രവർത്തകരും ഒന്നിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ.
മൂത്തോന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഗീതു തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കും. സിനിമയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ ഗീതുമോഹന്‍ദാസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. കലാകാരന്‍ റിയാസ് കോമുവും ബോളിവുഡില്‍നിന്നുള്ള അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും അടക്കമുള്ളവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈറോസ് ഇന്റര്‍നാഷണലും ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍. റായിയുടെ ഉടമസ്ഥതയിലുള്ള കളര്‍യെല്ലോപിക്ചേഴ്സും ചേര്‍ന്ന് ജാര്‍ പിക്ചേഴ്സ് എന്ന ബാനറിലാണ് സിനിമ പുറത്തിറക്കുന്നത്.