കറന്‍സിക്ഷാമത്തിന്‍റെ കാലത്ത് വെറും 80-രൂപയുമായി 3000 കി.മി സഞ്ചരിച്ച അല്‍ക്കയുടെ കഥ

person access_timeNovember 23, 2016

നവംബര്‍ 8-ന് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപാ നോട്ടുകള്‍ അസാധുവായതായി പ്രഖ്യാപിക്കുമ്പോള്‍ ഡല്‍ഹിക്കാരിയായ ട്രാവല്‍ ബ്ലോഗര്‍ അല്‍ക്ക കൗശിക്കിന്‍റെ കൈവശം ഉണ്ടായിരുന്നത് വെറും 80-രൂപയാണ്. ദക്ഷിണേന്ത്യയിലെ പൈതൃകസ്മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു 47-കാരിയായ അല്‍ക്കയും 70-കാരിയായ അല്‍ക്കയുടെ അമ്മയും അപ്പോള്‍. തന്‍റെ കൈവശമുള്ള തുച്ഛമായ തുകയും, കറന്‍സി അസാധുവാക്കല്‍ നടപടിയും ചേര്‍ന്നപ്പോള്‍ വിഷമവൃത്തത്തിലായ അല്‍ക്ക ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു പിന്നീട് സംഭവിച്ചത്. തികച്ചും അപരിചിതരായ ആളുകളുടെ സഹായവും, ഡെബിറ്റ് കാര്‍ഡ് പേമെന്‍റുകളും വഴി അല്‍ക്കയും അമ്മയും താങ്കളുടെ യാത്രയുടെ ബാക്കിയുള്ള 3000-കിലോമീറ്ററോളം ദൂരം യാതൊരു ബുദ്ധിമുട്ടും കൂടാതെ പൂര്‍ത്തിയാക്കി ഡല്‍ഹിയിലെ വീട്ടില്‍ തിരിച്ചെത്തി.

ഹോട്ടല്‍ ബില്ലുകളാണ് ഡെബിറ്റ് കാര്‍ഡ് വഴി അടയ്ക്കാന്‍ അല്‍ക്കയ്ക്ക് സാധിച്ചത്. മറ്റുചിലവുകള്‍ നടത്താന്‍ ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ട്രാവല്‍ എജന്‍റ് രാമുവാണ് അല്‍ക്കയെ സഹായിച്ചത്. ഡല്‍ഹി ഗാസിയാബാദിലെ വൈശാലി സ്വദേശിയാണ് അല്‍ക്ക. യുണെസ്കോയുടെ ലോകപൈതൃക സ്മാരക പട്ടികയിലുള്ള പട്ടടയ്ക്കല്‍, ബദമി ഗുഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം കര്‍ണ്ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ സിന്ദനൂര്‍ നഗരത്തിലേക്ക് തിരികെ വരികയായിരുന്നു അല്‍ക്കയും അമ്മയും. അപ്പോഴാണ്‌ കറന്‍സി അസാധുവാക്കല്‍ നടപടിയെപ്പറ്റി അല്‍ക്കയെ ഭര്‍ത്താവ് ഫോണില്‍ വിവരമറിയിച്ചത്. തല്‍ക്കാലം കൈവശമുണ്ടായിരുന്ന പഴയ നോട്ടുകളില്‍ 2,900-രൂപ ഉപയോഗിച്ച് സിന്ദനൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയാണ് അല്‍ക്ക ആദ്യം ചെയ്തത്.

അടുത്തദിവസം (നവംബര്‍ 9) രാവിലെ തന്നെ സിന്ദനൂരിലെ ട്രാവല്‍ എജന്‍റ് കെ. രാമുവിനെ ഫോണില്‍ വിളിച്ച് അല്‍ക്ക തന്‍റെ അവസ്ഥ ധരിപ്പിച്ചു. അല്‍പ്പംപോലും ഭയക്കണ്ട, എവിടെ പോകണമെങ്കിലും താന്‍ കാര്‍ ഏര്‍പ്പാടാക്കിത്തരാം എന്നുപറഞ്ഞ് അല്‍ക്കയെ ആശ്വസിപ്പിക്കുകയാണ് രാമു ചെയ്തത്. അതുപ്രകാരം രാമു ഏര്‍പ്പാടാക്കിക്കൊടുത്ത കാറില്‍ അല്‍ക്കയും അമ്മയും ഹമ്പിയിലെ ക്ഷേത്രനഗരം കാണാന്‍ പോവുകയും, നവംബര്‍ 10-ന് രാത്രിയോടെ സിന്ദനൂരില്‍ മടങ്ങിയെത്തുകയും ചെയ്തു. പക്ഷേ, അടുത്ത ദിവസം അവര്‍ക്ക് പോകേണ്ടിയിരുന്നത് സിന്ദനൂരില്‍ നിന്ന്‍ 800-കിലോമീറ്റര്‍ അകലെയുള്ള തമിഴ്നാട്ടിലെ ട്രിച്ചിയിലേക്കായിരുന്നു.

ഇതിനും രാമു പരിഹാരം കണ്ടു. തന്‍റെ സുഹൃത്തിന്‍റെ പെട്രോള്‍ പമ്പില്‍ കാര്‍ഡ് സ്വൈപ്പിംങ്ങിലൂടെ ആവശ്യമായ തുക അടയ്ക്കാന്‍ അല്‍ക്കയ്ക്ക് രാമു സൗകര്യം ചെയ്തുകൊടുത്തു. തുടര്‍ന്നുള്ള രണ്ട് ദിവസംകൊണ്ട് ട്രിച്ചിയിലേയും തഞ്ചാവൂരിലേയും ക്ഷേത്രസമുച്ചയങ്ങളില്‍ ദര്‍ശനം നടത്തിയ അല്‍ക്കയും അമ്മയും നവംബര്‍ 14-ന് ചെന്നൈ വഴി വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍ തിരികെയെത്തി. രാമുവിന് കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 13,500 രൂപ അന്ന്തന്നെ അല്‍ക്ക ബാങ്ക്ട്രാന്‍സ്ഫര്‍ വഴി കൊടുക്കുകയും ചെയ്തു.

ഏറ്റവും രസകരമായ കാര്യം ഡല്‍ഹിയില്‍ തിരികെയെത്തിയപ്പോഴും അല്‍ക്കയുടെ പേഴ്സില്‍ കറന്‍സി നിരോധനസമയത്ത് അവശേഷിച്ചിരുന്ന 80-രൂപ അതേപോലെ തന്നെ ഉണ്ടായിരുന്നു എന്നുള്ളതാണ്!