ഐപാഡിന്റെ പൂട്ടും പൊട്ടിച്ചു, ആപ്പിളിനെ തോല്‍പ്പിച്ചത് മലയാളി പയ്യൻ ഹേമന്ത്.
ഇബേയിൽ നിന്നു സുഹൃത്തിനു കിട്ടിയ ഒരു 'പണി'യാണ് പാല സ്വദേശിയായ ഹേമന്തിന്റെ മനസിൽ ലഡു പൊട്ടിച്ചത്. സംഗതി സിമ്പിൾ ആറ്റുനോറ്റൊരു ആപ്പിൾ ഐപാഡ് വാങ്ങിയ സുഹൃത്ത് ബോക്സ് തുറന്നപ്പോൾ സംഗതി ലോക്ഡ്! ഉടമസ്ഥനല്ലാതെ ആർക്കും തുറക്കാനാവാത്ത ഈ രഹസ്യപ്പൂട്ട് കണ്ട് കിളിപോയ സുഹൃത്തിന്റെ മുന്നിലേക്കാണ് മാലാഖയുടെ രൂപത്തിൽ ഹേമന്ത് എത്തുന്നത്. പിന്നീടുള്ളത് ചരിത്രം.
ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 10.1 ലെ ഗുരുതരമായ സുരക്ഷാപിഴവുകൾ കണ്ടെത്താൻ ഹേമന്തിനെ പ്രാപ്തനാക്കിയത് സുഹൃത്തിനുകിട്ടിയ എട്ടിന്റെ പണിയായിരുന്നു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ അവസാനവർഷവിദ്യാർഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ത് ജോസഫാണ് ഐപാഡിന്റെ ആക്ടിവേഷൻ ലോക്ക് എളുപ്പത്തിൽ ഭേദിക്കാമെന്നു തെളിയിച്ചത്. സുരക്ഷയുടെ കാര്യത്തിൽ ആപ്പിളിന്റെ ആക്ടിവേഷൻ ലോക്ക് പ്രസിദ്ധമാണ്. ഉടമസ്ഥനല്ലാതെ ആർക്കുമിത് തുറക്കാൻ കഴിയില്ല എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. പിഴവ് ചൂണ്ടിക്കാട്ടിയതോടെ ആപ്പിൾ അടിയന്തരമായി പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് പുറത്തിറക്കി.
സംഭവം ഇങ്ങനെ:
ലോക്ക്ഡ് ആയ ആപ്പിൾ ഐപാഡ് എങ്ങനെയെങ്കിലും അൺലോക് ചെയ്തേ തീരൂ എന്ന വാശിയിലാണ് ഹേമന്ത് പണി തുടങ്ങിയത്. ആപ്പിൾ സെർവറുകളുമായി കണക്ട് ചെയ്ത് ലോഗിൻ വിവരങ്ങൾ പരിശോധിച്ചശേഷമേ ആപ്പിൾ ലോക്ക് തുറക്കാൻ കഴിയൂ. വൈഫൈ നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുന്ന ഓപ്ഷനിൽ ക്യാരക്ടറുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടായിരുന്നില്ല. ഇവിടെ ആയിരക്കണക്കിനു ക്യാരക്ടറുകൾ നൽകിയതോടെ ഐപാഡ് നിശ്ചലമായി. തുടർന്ന് ആപ്പിളിന്റെ മാഗ്നെറ്റിക് സ്മാർട്ട് കെയ്സ് ഉപയോഗിച്ചു. 25 സെക്കൻഡുകൾ കഴിഞ്ഞതോടെ ഹോം സക്രീൻ തുറന്നുവന്നു. സംഗതി സക്സസ്!
അൽപം ചരിത്രം:
കലിഫോർണിയയിലെ സാൻ ബെർനാർഡിനോയിൽ 14 പേരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി സയീദ് ഫറൂക്കിന്റെ ഐഫോണിന്റെ പൂട്ടു തുറക്കാനുള്ള രഹസ്യകോഡ് കൈമാറാൻ യുഎസ് അന്വേഷണവിഭാഗമായ എഫ്ബിഐ ആവശ്യപ്പെട്ടങ്കിലും ആപ്പിൾ നിരസിച്ച സംഭവം ആഗോള ശ്രദ്ധനേടിയിരുന്നു. ഇതിനെതിരെ യുഎസ് ഭരണകൂടം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. രഹസ്യം സൂക്ഷിക്കൽ നിയമത്തിന്റെ (പ്രൈവസി) ലംഘനമാകുമെന്നതിനാൽ രഹസ്യ കോഡ് നൽകാനാകില്ലെന്ന് ആപ്പിളും ഭീകരാക്രമണക്കേസിൽ സഹകരിച്ചേ പറ്റൂവെന്നു യുഎസ് ഭരണകൂടവും നിലപാടെടുത്തതോടെ കേസ് സംഭവമായി. ഗുഗിൾ, ഫെയ്‌സ്ബുക്ക് തുടങ്ങി ഐടി രംഗത്തെ പ്രമുഖ കമ്പനികളെല്ലാം ആപ്പിളിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇസ്രായേൽ ഹാക്കർമാരെ ഉപയോഗിച്ചാണ് അന്ന് എഫ്ബിഐ പൂട്ടുതുറക്കാൻ ശ്രമിച്ചത്. ഫോൺ അൺലോക്ക് ചെയ്യാൻ എഫ്ബിഐ സ്വയം ശ്രമിച്ചിട്ടു വിജയിക്കാതെ വന്നപ്പോഴാണു ഹാക്കർമാരെ ഏൽപ്പിച്ചത്.