ജനിക്കുന്നത് ആണോ പെണ്ണോ, അമ്മയുടെ ബി.പി നോക്കി കണ്ടെത്താം
ഭാവിയിൽ ജനിക്കാൻ പോകുന്ന കുഞ്ഞ് ഏതെന്ന് അറിയണോ? നിങ്ങളുടെ രക്തസമ്മർദ്ദം പറയും ജനിക്കാൻ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന്. പുതിയ പഠനം പറയുന്നത് അമ്മയുടെ രക്ത സമ്മർദ്ദം പരിശോധിച്ച് ജനിക്കാൻ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാമെന്നാണ്.
ഗർഭിണയാകുന്നതിന് തൊട്ടുമുമ്പ് രക്തസമ്മർദ്ദം കുറവാണെങ്കിൽ പെൺകുഞ്ഞിനും രക്ത സമ്മർദ്ദം കൂടുതെലങ്കിൽ ആൺകുഞ്ഞിനും ജൻമം നൽകാൻ സാധ്യത കൂടുതലെന്ന് പഠനം പറയുന്നു.
കാനഡയിലെ മൗണ്ട് സിനായി ആശുപത്രിയിലെ എന്‍ഡോക്രിനോളജിസ്റ്റ് ഡോ.രവി രത്നാകരെൻറ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഇൗ നിഗമനം.
അമ്മയുടെ രക്തസമ്മർദ്ദം കുഞ്ഞിെൻറ ലിംഗ നിർണയത്തിന് സഹായിക്കുന്ന ഘടകമാണെന്നത് ഇതുവരെയും അംഗീകരിച്ചിരുന്നില്ലെന്ന് ഗവേഷകൻ രവി രത്നാകരൻ പറയുന്നു.
സമീപഭാവിയിൽ തന്നെ ഗർഭിണിയാകാൻ തയാറെടുക്കുന്ന 1411 യുവതികളെ നിരീക്ഷിച്ചതിൽ നിന്നാണ് ഇൗ നിഗമനത്തിലെത്തിയത്. (ഇവർ ശരാശരി ആറു മാസത്തിനുള്ളിൽ ഗർഭിണികളായി). ഇവരുടെ രക്ത സമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, ട്രൈ ഗ്ലിസറൈഡ്സ് എന്നിവ പരിശോധിച്ച് രേഖപ്പെടുത്തി. ഗർഭിണിയായശേഷം പ്രസവം വരെയും ഇവരുടെ ആരോഗ്യകാര്യങ്ങൾ നിരീക്ഷിച്ചു.
ഇവരിൽ 739 പേർക്ക് ആൺകുട്ടികളും 672 പേർക്ക് പെൺകുട്ടികളുമാണ് ജനിച്ചത്. പ്രസവത്തിനു ശേഷം മുമ്പ് രേഖപ്പെടുത്തിയ ഇവരുടെ ആരോഗ്യനില അവലോകനം ചെയ്തപ്പോൾ ആൺകുട്ടി ജനിച്ചവർക്ക് പെൺകുട്ടിയുണ്ടായവരേക്കാൾ രക്തസമ്മർദ്ദം കൂടുതലായിരുന്നതായി കണ്ടെത്താനായി.
അമ്മയിലെ കൂടിയ രക്ത സമ്മർദ്ദം ആൺകുട്ടിക്കുള്ള സാധ്യത പ്രവചിക്കാൻ കഴിയുന്ന ഘടകമാണെന്ന് തെളിയിക്കുന്ന ഇൗ ഗവേഷണം ഹൈപ്പർടെൻഷനെ കുറിച്ചുള്ള അമേരിക്കൻ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.