ഔഡി RS 7 പെര്‍ഫോമന്‍സ് ഇന്ത്യയില്‍: വില 1.59 കോടി

person access_timeNovember 16, 2016

നിമിഷനേരത്തില്‍ ചീറിപ്പായുന്ന ഔഡി RS 7 സ്‌പോര്‍ട്‌സ് മോഡലിനെ കൂടുതല്‍ കരുത്തനാക്കി RS 7 പെര്‍ഫോമെന്‍സ് മോഡല്‍ ജര്‍മന്‍ ആഡംബര നിര്‍മാതാക്കള്‍ രാജ്യത്തെത്തിച്ചു. ആഡംബരത്തിനൊത്ത ഉയര്‍ന്ന വിലയുമുണ്ട് വാഹനത്തിന്, 1.59 കോടിയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

4.0 ലിറ്റര്‍ TFSI ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനില്‍ മാറ്റമില്ല. എന്നാല്‍ കരുത്തില്‍ വലിയ വ്യത്യാസമുണ്ട്. 6100-6800 ആര്‍പിഎമ്മില്‍ 44 ബിഎച്ച്പി കൂട്ടി പവര്‍ 596 ബിഎച്ച്പി ആക്കി വര്‍ധിച്ചു. 700 എന്‍എം ടോര്‍ക്കും എഞ്ചിന്‍ നല്‍കും. 2500-7500 ആര്‍പിഎമ്മില്‍ പരമാവധി 750 എന്‍എം ടോര്‍ക്ക് ആയി ബൂസ്റ്റ് ചെയ്യാനുള്ള കപ്പാസിറ്റിയും വാഹനത്തിനുണ്ട്. ക്വാഡ്രോ ഡ്രൈവ് സിസ്റ്റത്തില്‍ 8 സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് RS 7 പെര്‍ഫോമെന്‍സിനുള്ളത്.

3.7 സെക്കന്‍ഡില്‍ വാഹനത്തിന് പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. സ്റ്റാന്റേഡ് മോഡലിന് ഈ വേഗത കൈവരിക്കാന്‍ 0.2 സെക്കന്‍ഡ് അധിക സമയം ആവശ്യമായിരുന്നു. കൂടുതല്‍ ഇന്ധന ക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മണിക്കൂറില്‍ 305 കിലോമീറ്ററാണ് പരമാവധി വേഗത.

കംഫർട്ട്, ഓട്ടോ, ഡൈനാമിക്, ഇന്‍ഡിവിജ്യുല്‍ എന്നീ നാല് ഡ്രൈവിങ് ഓപ്ഷനുകളുണ്ട്. 20 ഇഞ്ചാണ് വീലുകള്‍, 21 ഇഞ്ചാക്കി മാറ്റാനുള്ള ഓപ്ഷനുമുണ്ട്. അലൂമിനിയം ഉപയോഗിച്ചുള്ള ബോഡി നിര്‍മാണം RS 7 പെര്‍ഫോമെന്‍സിന്റെ ഭാരം 15 ശതമാനം കുറച്ചിട്ടുണ്ട്‌.

നീല നിറത്തില്‍ മാത്രമാണ് പുതുമുഖതാരം നിരത്തിലെത്തുക. മാറ്റ് അലൂമിനിയം, കാര്‍ബണ്‍ സ്‌റ്റൈലിലാണ് ഇന്റീരിയര്‍ ഒരുക്കിയത്. വിപണിയില്‍ BMW M6 ഗ്രാന്‍ കൂപ്പ, പോര്‍ഷെ പനാമെറ ടര്‍ബോ മോഡലുകളാകും RS 7 പെര്‍ഫോമെന്‍സിന്റെ മുഖ്യ എതിരാളികള്‍.