ആയുസ്സ് കൂട്ടാന്‍ ആപ്പിള്‍

person access_timeNovember 25, 2016

ആരോഗ്യത്തിന് ഉത്തമമാണ് ആപ്പിള്‍. ദിവസേന ഓരോ അപ്പിള്‍ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് പലതരം രോഗങ്ങള്‍ക്ക് പരിഹാരമാണ്.

സാമാന്യം വലിപ്പമുള്ള ആപ്പിളില്‍ നാല് ഗ്രാം വരെ ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒരു ആപ്പിള്‍ വീതം ദിവസവും കഴിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് 23 ശതമാനം കുറയുന്നതായി കണ്ടെത്തിയിരിക്കുന്നു. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കും എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ആപ്പിള്‍ കഴിക്കുന്നതു വഴി മറവി രോഗത്തില്‍ നിന്ന് രക്ഷനേടാം. വന്‍കുടല്‍ അര്‍ബുദമൊഴിവാക്കാനും ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാണ്.

പൊണ്ണത്തടി കുറയ്ക്കുന്നതിന് ആപ്പിള്‍ സഹായിക്കുന്നു. ഹ്യദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാകും. ആപ്പിള്‍ രക്തത്തിന്റെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതിനാല്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാകുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു. മധ്യവയസ്‌ക്കരായ സ്ത്രീകള്‍ക്ക് ദിവസവും ഒരു ആപ്പിള്‍ വീതം നല്‍കി ആറുമാസം നിരീക്ഷിച്ചു നോക്കിയപ്പോള്‍, ഇവരുടെ ധമനികള്‍ കനമാകുന്നത് 40 ശതമാനം കുറവായിരുന്നുവെന്നാണ് വ്യക്തമായത്.

സൗന്ദര്യസംരക്ഷണത്തിനും ആപ്പിള്‍ ഉപയോഗിക്കാം. മുഖസംരക്ഷണത്തില്‍ ആപ്പിള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. ആപ്പിള്‍ അരച്ച് 20 മിനുട്ട് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിലെ മ്യതകോശങ്ങള്‍ ഇല്ലാതാകും. വിറ്റാമിന്റെ കുറവുകള്‍ പരിഹരിക്കുന്നതിനും, നിറം വര്‍ദ്ധിക്കുന്നതിനും ആപ്പിള്‍ സഹായിക്കുന്നു. മുഖക്കുരു അകറ്റുന്നതിനും ആപ്പിള്‍ നല്ലതാണ്. സൂര്യരശ്മികളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.